Sunday, April 10, 2011

books

Pranaya kathakal
By Ganesh Panniyath
Papyrus Books
Kozhikode
04953253826
rs 95/
Prism of Love
[love poems]
By Nisha G
Papyrus Books
Kozhikode
rs
70/

Kailasayathra
By Rajanandini
Paridhi Publications
Trivandrum
04712339334
rs 80/
Swarapanchamam
By Rajanandini
poems
Paridhi Publications
Trivandrum
phone: 04712339334
rs.55/

Tuesday, January 25, 2011

ഐസ് ക്യൂബുകള്‍


dona mayura

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.

ഇലകൊഴിയുന്നൊരു മഞ്ഞുകാലത്ത്
ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാര്‍ക്ക് ബഞ്ചില്‍‍,
കാലം കൊണ്ടു വച്ച
രണ്ട് ഐസ് ക്യൂബുകള്‍ പോലെ നമ്മള്‍.

അരിച്ച് കയറുന്ന തണുപ്പിനെ
തുളച്ച് കയറുവാനാവാതെ
നട്ടുച്ചയുടെ വെയില്‍
നമുക്കുമേല്‍ കുടപിടിക്കും.

മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.

നമുക്കുമേല്‍ അപ്പോള്‍
ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,
കാലം നമ്മുടെ പ്രണയസങ്കീര്‍ത്തനം
ആ പിയാനോയില്‍ വായിക്കുന്നു.

മുകളില്‍ തിളച്ച് മറിയുന്ന കടലും,
താഴെ ചിറകുകളില്‍ തീപ്പിടിച്ച
മേഘഗര്‍ജ്ജനത്തിന്റെ അലകളും
മറ്റുള്ളവര്‍ അന്നേരം
കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!

Wednesday, January 5, 2011

ചരിത്രത്തിന്റെ സ്മൃതികൾ


satheesh chelatt

പൂച്ചയുടെ മുഖമുള്ളൊരാൾ
തലപ്പാവു വച്ചൊരാൾ
ടെലിവിഷനിൽ കാണാറുണ്ട്.
പൂച്ചയെപ്പോലെ തന്നെ
എലികളാണ്‌ ശാപ്പാട്.
ഇന്ത്യൻ എലികൾ .


ചെന്നായയുടെയോ നായയുടെയോ
മുഖമുള്ളൊരാൾ
ഇയാളുടെ ചങ്ങാതിയാണ്‌.
ഇന്ത്യൻ ജനതയുടെ
തലച്ചോറിലാണ്‌
ഇയാളുടെ കണ്ണ്‌.
അതിന്നു
പൂച്ചയും നായയും തമ്മിൽ
കരാറിലൊപ്പുവച്ചു .

പൂച്ചയുടെ
ങ്യാവൂ,ങ്യാവൂയെന്നുള്ള
വിശപ്പിന്റെ നിലവിളിയും
മുഖത്തെ നരച്ച കുറ്റിരോമങ്ങളും
ഇടയ്ക്കിടെ
സൗമ്യമായ ചിരിയും
എലികളെ നോക്കിയാണ്‌ .

പൂച്ചയും നായയും
വച്ച കെണീയിൽ
ഇന്ത്യൻ എലികൾ വീണില്ല.
കണ്ടൻപൂച്ച നിരാശനായ്,
എങ്കിലും എലികളെ കാത്തിരുന്നു.
പൂച്ചയും നായയും കറുത്തൊരു
പൂച്ചക്കുട്ടിയും..
കറുത്തവൾതൻ
ജനിതക ധാരയെ
മറക്കുന്ന,
ശിരസ്സ് നഷ്ടപ്പെട്ടവൾ
ഇന്ത്യൻ എലികളുടെ ചരിത്രം
പൂച്ചയിൽ നിന്നുള്ള
വഴിമാറലാണ്‌ .
പൂചയൊറ്റയ്ക്കല്ല ,
ചെന്നായയുടെയോ നായയുടെയോ
മുഖമുള്ളൊരാൾ കൂടെയുണ്ട്‌.

Sunday, January 2, 2011

അക്ഷരജാലകത്തെക്കുറിച്ച് -തുടർച്ച




m c rajanarayanana

"ലോകത്തിന്റെ നിമിഷം തോറുമുള്ള വികാസമാണ്‌ പത്രം" ലോകത്തിന്റെ ബഹുവിതാനങ്ങളിലുള്ള, രൂപത്തിലുള്ള അനുനിമിഷ വികാസത്തിനൊപ്പമെത്താനുള്ള ഓട്ടമാണ്‌ പത്രത്തിന്റെ ഫിസിക്സ്‌. ഹരികുമാർ എഴുതുന്നു. "ലോകം ഒരിക്കലും പഴയതല്ല. ഓരോ നിമിഷവും പുതിയതാണ്‌ എന്നാണ്‌ പത്രം പ്രചരിപ്പിക്കുന്നത്‌." ദൃശ്യമാധ്യമങ്ങൾ കൊടിക്കൂറ പാറിക്കുന്ന കാലത്ത്‌ പത്രത്തിന്റെ ഭൂമികയെപ്പറ്റി വസ്തുനിഷ്ഠമായി അഭിപ്രായം പ്രകടിപ്പിക്കുന്നതിൽ ഹരികുമാർ വിജയിക്കുന്നു. മാധ്യമങ്ങൾ പരസ്പരം മത്സരിക്കുന്ന കാലത്ത്‌ സ്വയം നവീകരണശേഷി പ്രകടമാക്കുന്നവർക്കേ അതിജീവനത്തിന്റെ പാതയിലൂടെ പ്രയാണം ചെയ്യാനാകൂ എന്ന്‌ സ്പഷ്ടമാണ്‌. അതിലേക്കു തന്നെയാണ്‌ ചിന്തോദ്ദേ‍ീപകമായ രീതിയിൽ ഹരികുമാർ വിരൽ ചൂണ്ടുന്നത്‌.

പംക്തിയിൽ ആവർത്തിച്ച്‌ പ്രത്യക്ഷപ്പെടുന്ന സബ്ബ്‌ ഹെഡ്ഡിംഗുകളാണ്‌ പക്ഷിയുടെ നോട്ടം, കാഴ്ചയുടെ കടൽ എന്നിവ. നിർവ്വചനങ്ങളും നിരീക്ഷണങ്ങളും നിറഞ്ഞ ഉപശാഖകളായി ഇവ പംക്തിയിൽ നിലകൊള്ളുന്നു. കൂടാതെ ജീവിതത്തിന്റെ ഭിന്നമേഖലകളെക്കുറിച്ചും സമീപനങ്ങളെപ്പറ്റിയും ചിന്തകരും താത്വികാചാര്യന്മാരും പറഞ്ഞത്‌ പംക്തിയിൽ എടുത്തുപറയുകയും ചെയ്യാറുണ്ട്‌. ഏകാന്തത്തയെക്കുറിച്ച്‌ ലോഡ്‌റോറിൻസ്ലർ പറഞ്ഞതിൽ ചിലത്‌ ഏക്കാളത്തിനും പ്രസക്തമായവതന്നെ. ഉദാ: "എന്തുകൊണ്ടാണ്‌ ഏകാന്തത്ത തോന്നുന്നത്‌ എന്ന്‌ അന്വേഷിക്കുവാൻ തുടങ്ങുന്നതോടെ അത്‌ സാവധാനം നമ്മെ സന്തോഷത്തിൽ കൊണ്ടെത്തിക്കും." ഏകാന്തത്തയെക്കുറിച്ചുള്ള 11 അഭിപ്രായങ്ങളാണ്‌ പംക്തി ക്രോഡീകരിച്ചിരിക്കുന്നത്‌.
വർഷങ്ങൾക്കുമുമ്പ്‌ 'സൺഡേ' മാസികയിൽ പ്രതീഷ്‌ നന്ദി വാർദ്ധക്യത്തെക്കുറിച്ചും ഏകാന്തത്തയെപ്പറ്റിയും എഴുതിയ ലേഖനങ്ങൾ ഓർമ്മയിലെത്തുന്നു. അക്കാലത്ത്‌ ഏറെ ചർച്ച ചെയ്യപ്പെട്ടവയായിരുന്നു. പ്രതീഷ്‌ നന്ദിയുടെ ലേഖനങ്ങൾ. നമ്മുടെ സഹയാത്രികനും സന്തത്ത സഹചാരിയുമായാണ്‌ ഏകാന്തത്തയെ നന്ദി വിശേഷിപ്പിച്ചതു. പൂർവ്വ വായനയുടെ അപൂർവ്വസ്മൃതികൾ മനസ്സിലുണർത്തുവാനപര്യാപ്തമാണ്‌ പംക്തിയിലെ ഉദ്ധരിണികൾ.

കനേഡിയൻ നോവലിസ്റ്റും കവിയുമായ മാർഗരറ്റ്‌ അറ്റ്‌വുഡിനെക്കുറിച്ച്‌ എഴുതിക്കൊണ്ട്‌ അവരുടെ ചില ചിന്തകൾ അക്കമിട്ട്‌ കുറിക്കുന്നുണ്ട്‌ ഹരികുമാർ. നോവലിസ്റ്റിന്റെ ചിന്താസരണിയിലേക്ക്‌ വെളിച്ചം വീശുന്നവയാണ്‌ അവ. "നോവലുകൾ നല്ല ജീവിതം നയിക്കുവാനുള്ള ഗൈഡുകളല്ല. ചിലർ അങ്ങിനെ കരുതുന്നുണ്ടെങ്കിലും" സാഹിത്യത്തിലേയും കലയിലേയും അസാന്മാർഗ്ഗികതയെക്കുറിച്ച്‌ ചർച്ചകൾ സജീവമാകുന്ന കാലമാണല്ലോ ഇത്‌. സാഹിത്യത്തിൽ സേൻസർഷിപ്പ്പോലും വേണമെന്ന്‌ പറയുമ്പോൾ ചില സാഹിത്യകാര(രി)ന്മാർക്ക്‌ മടിയില്ലാതായിട്ടുണ്ട്‌. അവർക്ക്‌ മാർഗരറ്റ്‌ അറ്റ്‌വുഡിനെ ചിന്തകൾ നേർവഴി നൽകും. സിനിമയിലെ സേൻസർഷിപ്പ്‌ എടുത്ത്‌ മാറ്റേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ ചർച്ച നടക്കുന്ന കാലത്ത്‌ സാഹിത്യത്തിൽ സേൻസർഷിപ്പ്‌ വേണമെന്ന്‌ ചിലർ ആവശ്യപ്പെടുന്നു എന്നതാണ്‌ ഏറെ വിചിത്രം. എന്തുവായിക്കണം എന്നത്‌ വായനക്കാരന്റെ സ്വാതന്ത്ര്യമാണ്‌. ഓരോ വായനക്കാരനും സ്വന്തം താൽപ്പര്യനും അഭിരുചിക്കുമനുസരിച്ചുള്ള പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുത്തുകൊള്ളും. കലയിൽ സന്മാർഗ്ഗികതയും അസന്മാർഗ്ഗികതയും കേവലം ആപേക്ഷികവുമാണ്‌. വായനക്കാരന്റെ സ്വതന്ത്ര ചിന്തയെമാനിക്കുന്ന ശ്രേഷ്ഠമായ പംക്തിയാണ്‌ അക്ഷരജാലകം.

കാഴ്ചയുടെ കടലിൽ ഇന്റർനെറ്റിനെക്കുറിച്ച്‌ ഇതിനെകാണാം "പുതിയ ഏകാന്തത്തയാണ്‌ ഇന്റർനെറ്റ്‌ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്‌. സ്നേഹരഹിതമായ, തീവ്രമായ ഏകാന്തത്തയുടെ, വ്യക്തിരാഹിത്യത്തിന്റെ ഉപനിഷത്താണ്‌ ഇന്റർനേറ്റ" ഇത്തരം മൗലികമായ അഭിപ്രായങ്ങൾ പംക്തിയ്ക്ക്‌ അനന്യത നൽകുന്നു. മറ്റൊരു ലക്കത്തിലെ പക്ഷിയുടെ നോട്ടം പറയുന്നത്‌ കേരളത്തെക്കുറിച്ചാണ്‌ ."കേരളം കുറ്റകൃത്യങ്ങളുടെയും ഭ്രാന്തുപിടിച്ച ആസക്തികളുടേയും ഇടമായിക്കൊണ്ടിരിക്കുകയാണ്‌. മാധ്യമങ്ങളിലൂടെ കാണാൻ കഴിയാത്ത മറ്റൊരു കേരളം അടിയിലുണ്ട്‌. ഇതൊന്നും കാണാതെ ഇപ്പോഴും തമ്പുരാക്കന്മാരുടെ കഥ പറയുകയാണ്‌ സംവിധായകർ".
വിവേകാനന്ദ സ്വാമികൾ ഭ്രാന്തലയമെന്ന്‌ വിശേഷിപ്പിച്ചു കേരളത്തിന്റെ ഇന്നത്തെ അവസ്ഥയും പോയകാലത്തിൽ നിന്ന്‌ ഏറെയൊന്നും ഭിന്നമല്ലെന്ന്‌ നമ്മെ ഓർമ്മിപ്പിക്കുകയാണ്‌ ലേഖകൻ. യഥാർത്ഥത്തിൽ ജാതിക്കോമരങ്ങൾ ഉറഞ്ഞു തുള്ളുന്നില്ലെങ്കിലും മനസ്സിലെ വേലിക്കെട്ടുകളും മതിലുകളും ശക്തമായി തുടരുന്നതിന്റെ കാഴ്ചകൾ തന്നെയാണ്‌ ഇന്നത്തെ കേരളം നൽകുന്നത്‌. മതപരവും ജാതിപരവുമായ സ്പർദ്ധയുടെ അടിയൊഴുക്കുകൾ ശക്തമാക്കുകയും ചെയ്യുന്നു. ഒരു ചെറിയ തീപ്പൊരി വലിയ സ്ഫോടനത്തിന്‌ കളമൊരുക്കുന്ന നില. വയലാർ എഴുതിയതുപോലെ മനസ്സിൽ ആയുധപ്പുരകൾ സൃഷ്ടിക്കുന്നവരായി മാറുകയാണ്‌ മനുഷ്യർ.
ഗബ്രിയേൽ ജോസിപോവിസിയെ അറിയാൻ സഹായിക്കുന്നു. ഹോമർ, ഷേക്സ്പിയർ തുടങ്ങിയവർക്ക്‌ കല ഒരേ സമയം ലഭ്യതയും അഗാധവുമായിരുന്നു എന്നു പറയുന്ന അദ്ദേഹം പറയുന്നു "ജോൺ ബെറിമാൻ പറഞ്ഞത്‌ ഉദ്ധരിക്കട്ടെ. കഴിവതും ചുരുക്കി എഴുതുക. കാര്യ ഗൗരവം ഉൾക്കൊണ്ട്‌."
ഇക്കാലത്തെ ലേഖനങ്ങളുടെയും പ്രബന്ധങ്ങളുടെയും പംക്തികളുടെയും പ്രധാന ന്യൂനതയും കൃഷ്ടതയും സ്വതന്ത്രചിന്തയുടെ ധൈര്യപൂർവ്വമുള്ള അഭിപ്രായപ്രകടനത്തിന്റെ അഭാവം തന്നെയാണ്‌. അക്കാര്യത്തിൽ 'അക്ഷരജാലകം' വേറിട്ടു നിൽക്കുന്നു. ഏതുകാര്യത്തിലും സ്വതന്ത്രനിലപാടുള്ള ലേഖകൻ തന്റെ അഭിപ്രായങ്ങൾ സധൈര്യം രേഖപ്പെടുത്തുന്നതായി കാണാം. കലാ സാംസ്കാരിക സാഹിത്യ കാര്യങ്ങളിൽ മാത്രമല്ല മറിച്ച്‌ സാമൂഹ്യ രാഷ്ട്രീയ വിഷയങ്ങളിലും അദ്ദേഹം അഭിപ്രായങ്ങൾ വെട്ടിത്തുറന്ന്‌ എഴുതുന്നതായി കാണാം. അതാകട്ടെ വായനക്കാരനെ ചിന്തയുടെ പുതിയ സരണിയിലേക്ക്‌ നയിക്കുകയും നവീനകാഴ്ചകളിലേക്കുള്ള വാതായനങ്ങൾ തുറക്കുകയും ചെയ്യുന്നു. ചിന്തയെ, കാഴ്ചപ്പാടിനെ നവീകരിക്കുന്ന ലേഖനങ്ങളും രചനകളുമാണ്‌ ഈ കാലഘട്ടം ആവശ്യപ്പെടുന്നത്‌.

വായനക്കാരുടെ നിത്യജീവിതത്തെ സ്പർശിക്കുന്ന കാര്യങ്ങളും വസ്തുതകളും പംക്തിയിൽ വിഷയമായി മാറുന്നു. ഭാഷണമെന്നപോലെ ഭക്ഷണവും അതുകൊണ്ടാണ്‌ സ്ഥാനം നേടുന്നത്‌. പംക്തിക്കാരന്‌ ഇഷ്ടപ്പെട്ട ഹോട്ടലുകളും ഭക്ഷണപദാർത്ഥങ്ങളും വിരളമായി പരാമർശിക്കപ്പെടുന്നത്‌ വായനക്ക്‌ വൈവിധ്യമേകുന്നു. എന്നാൽ വ്യക്തിജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങളും നഷ്ടകഷ്ടതകളും വായനക്കാരന്റെ മേൽ അടിച്ചേൽപ്പിക്കുന്ന സമീപനം പംക്തിക്കാരൻ എടുക്കുന്നില്ല എന്നത്‌ ആശ്വാസകരമാണ്‌. തന്നിലേക്ക്‌ ചുരുങ്ങാതെ തന്നിൽ നിന്ന്‌ വളരുന്ന, വികാസം പ്രാപിക്കുന്ന അവതരണ രീതിയാണ്‌ പംക്തിയുടെ പ്രത്യേകതയാകുന്നത്‌.

ദൃശ്യമാധ്യമമായ ടെലിവിഷൻ സർവ്വാധിപത്യം നേടിയ കാലഘട്ടമാണിത്‌. അതുകൊണ്ടുതന്നെ 'റിയാലിറ്റി ഷോ'കൾ കൊടികുത്തിവാഴുകയും ചെയ്യുന്നു. ഗാനവും നൃത്തവും അഭിനയവുമെല്ലാമായി അവതരിപ്പിക്കപ്പെടുന്ന റിയാലിറ്റി (?) ഷോകളുടെ സംപ്രേക്ഷണ കാര്യത്തിൽ ചാലനലുകൾ മത്സരത്തിന്റെ പരിധികൾ കടന്ന്‌ യുദ്ധത്തിന്റെ സീമകളിലെത്തി നിൽക്കുകയാണ്‌. ഹരികുമാർ എഴുതുന്നു "സ്റ്റേജിൽ പാട്ടുപാടുന്നതു നോക്കി മാർക്കിടുന്നതുതന്നെ അസംബന്ധമാണ്‌. കാരണം സ്റ്റേജിൽ പാടി പൂർണ്ണതയിലെത്തിക്കേണ്ട സാഹചര്യം ഇന്നില്ല." മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലെല്ലാം ടെലിവിഷനിൽ നിറഞ്ഞുനിൽക്കുന്നത്‌ റിയാലിറ്റി ഷോകൾ തന്നെ!
ചിന്തിക്കുന്ന മനസ്സുകൾക്കു പകരം വർണ്ണാഭമായ ദൃശ്യവിസ്മയം കണ്ട്‌ അന്തരിക്കുന്ന മനുഷ്യനെ സൃഷ്ടിക്കുവാനാണ്‌ ചാനലുകൾ പരസ്പരം മത്സരിക്കുന്നത്‌. അക്ഷര ദൃശ്യലോകത്തെ ചതിക്കുഴികളെക്കുറിച്ച്‌ ഹരികുമാറിന്റെ താക്കീതുകൾ കാലിക പ്രസക്തമാണ്‌.

Saturday, December 4, 2010

സംഭവത്തിന്റെ പൊരുളറിയുമ്പോള്‍


santhosh pala

ചിത്രത്തിന്റെ
സെറ്റില്‍ വച്ച്
സംവിധായകന്‍
സംഭവം ഹിറ്റാകുമെന്നാണ്
പറഞ്ഞത്

ഉച്ചയ്ക്ക്
ഒരു ചിത്രകാരന്‍
സംഭവത്തിലെ
അനിര്‍വചനീയമായ
സൌന്ദര്യത്തെക്കുറിച്ചാണ്
വര്‍ണ്ണിച്ചത്

ഒരു ശില്പി
സംഭവത്തിന്റെ
ആകാരസൌഷ്ഠവം
പ്രത്യേകതകളാല്‍
നിറഞ്ഞതാണെന്നാണ്
അറിയിച്ചത്

വൈകുന്നേരത്തെ
കവി സമ്മേളനത്തില്‍
മഹാകവി
സംഭവത്തിലെ
കവിത്വമാണ്
മുഖ്യവിഷയമാക്കിയത്

കച്ചേരിയ്ക്കെത്തിയ
സുന്ദരമ്മാള്‍
സംഭവത്തിലുറങ്ങുന്ന
സംഗീതാത്മകതയെക്കുറിച്ചാണ്
സംസാരിച്ചത്

കോട്ടമൈതാനത്ത്
രാജ്യസ്നേഹികളായ
രാഷ്ട്രീയ നേതാക്കള്‍
സംഭവം വളരെ പൈശാചികവും
ദു:ഖകരവുമാണെന്നാണ്
പ്രസ്താവിച്ചത്

അരാഷ്ട്രീയക്കാരായ
മതനേതാക്കള്‍
സംഭവത്തിലെ
സത്യം കണ്ടെത്തുന്നത്
വരെ ആര്‍ക്കും
വോട്ടുചെയ്യരുതെന്നാണ്
വിളംബരം ചെയ്തത്

പുത്തരിക്കണ്ടത്തെ
ചില അമ്മമാര്‍
സംഭവം
എമാന്മാര്‍ രഹസ്യമാക്കണേ
എന്ന
അപേക്ഷയാണ് വച്ചത്

ഉടുക്കാക്കുണ്ടനായി വന്ന
കൊച്ചുമകനോടെന്തേ ഇങ്ങനെ
എന്നു ചോദിച്ചപ്പോള്‍
സംഭവം സാധിച്ചിട്ടു
വരുന്നെന്നാണ് അറിയിച്ചത്

ഇനിയും സംഭവം
ഒരു പ്രശ്ന്മായി അവശേഷിച്ചാല്‍
രാവിലെയുള്ള സംഭവവും
ഉച്ചയ്ക്കുള്ള സംഭവവും
വൈകുന്നേരമുള്ള സംഭവവും
രാത്രിയിലെ സംഭവവും കൂടി കൂട്ടുക
അതില്‍ നിന്നും
ടി വിയില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക
ശിഷ്ടമുണ്ടെങ്കില്‍
അതൊരു സംഭവമായി രേഖപ്പെടുത്തുക
ഇല്ലെങ്കില്‍
‘സംഭവം മത്തായി‘
എന്ന് എല്ലാരും വിളിയ്ക്കുന്നതില്‍
തെറ്റൊന്നുമില്ലന്നറിഞ്ഞ്
രണ്ടെണ്ണം വീശി
ഉറങ്ങാന്‍ റെഡിയാവുക!.


സങ്കടം


കുടിച്ചുകുടി-
ച്ചുറക്കിയിരിയ്ക്കയാണീ-
ദേഹത്തെ;
മനസ്സേ ,
നുരഞ്ഞു പതഞ്ഞ് നീ
ഉണര്‍ത്താതിരിയ്ക്കുക!


ടൈം മാനേജ്മെന്റ്


വട്ടത്തില്‍
കറങ്ങുന്ന
ചെറുതും
വലുതുമായ
രണ്ട്
അടയാളങ്ങളാണ്
സകലരേയും
സകലടത്തും
വട്ടം കറക്കുന്നത്

പ്രണയകവിതകള്‍

അകലം

മിണ്ടിക്കളിച്ചങ്ങിരുന്നതില്ലേ സഖേ,
ചുണ്ടില്‍ മൃദുഹാസമെത്തിയില്ലേ
കണ്ണുകള്‍ കണ്ണുകള്‍ തമ്മില്‍ മന്ത്രിച്ചതോ
കാണാതിരിയ്ക്കുക വയ്യന്നൊരിക്കലും
എന്തു നിനച്ചാലുമെന്തുപറഞ്ഞാലും
എത്ര അകലെയാണിന്നുനീ, യീഞാനും

അടുപ്പം

മിണ്ടാട്ടമില്ലാതെ നിന്നാലുമെന്‍ സഖേ
മിണ്ടിയില്ലേ നമ്മള്‍ നൂറു വട്ടം
കണ്ണടച്ചാണു നീ നാണിച്ചതെങ്കിലും
കണ്ടതില്ലേ നമ്മള്‍ എത്ര വട്ടം
കാലം കുറച്ചേറെയായിതെന്നാകിലും
എത്ര അടുപ്പമാണന്നുമിന്നും

Friday, December 3, 2010

കുപ്പിവള



sumithra

ഒരിക്കലും
വീണുടയ്ക്കാൻ കഴിയാത്ത
ഒരു കുപ്പിവളപോലെയാണ്‌
ജീവിതവും

കാണുമ്പോൾ ചന്തം
ഇട്ടുനടക്കാൻ മിനുക്കം
എന്നാൽ
ചേർത്തു വയ്ക്കുമ്പോൾ
കിരുകിരുപ്പ്‌

മകൾ വാശിപിടിച്ച്
കരയുമ്പോൾ,
അവളെ കാണിക്കാൻ
ഒരു കുപ്പിവള ഞാൻ
കരുതി വയ്ക്കും

അതിനുള്ളിലിരുന്ന്‌
കത്തുന്നൊരാളുടെ നിലവിളികൾ
അവളുടെ ബാല്യത്തിനെ അറിയിക്കാതെ.

Thursday, December 2, 2010

ചിലര്‍


sona g
ചിലര്‍
അങ്ങനെയാണ്.

ദു:ഖം വരുമ്പോള്‍
സത്രമാക്കി കളയും നമ്മെ .
നിശ്വാസകാറ്റിനാല്‍
പുളകിതരാവും അവര്‍ .
സഹായവും തോളിലേറ്റി
സഞ്ചരിക്കും വിദൂരതയിലേക്ക്...
സത്രം അടഞ്ഞുകിടക്കുന്നതും ,
വിങ്ങുന്നതും അവര്‍ സന്തോഷിക്കുമ്പോഴാണ്.
ഇപ്പോള്‍ ഒരു മുട്ട് കേള്‍ക്കുന്നുണ്ടോ
വാതില്‍ക്കല്‍ ?

ഉറപ്പിക്കാം ,
ദു:ഖം ആരെയോ അതിന്റെ ചുടുവിരല്‍ കൊണ്ട്
തൊട്ടിരിക്കാം....