Showing posts with label jayan edakkaatt. Show all posts
Showing posts with label jayan edakkaatt. Show all posts

Friday, January 29, 2010

എനിക്കു എസ് എം എസ് ചയ്യേണ്ട വിലാസം


jayan edakkaat
എനിക്കു എസ് എം എസ് ചയ്യേണ്ട വിലാസം

അരിവാള്‍ ചുറ്റികനക്ഷത്രം
എന്ന വിലാസത്തില്‍
എല്ലാവരും എസ് എം എസ് ചെയ്യണം
അടുത്ത റൗണ്ടില്‍ പാവങ്ങളുടെ പാട്ട്
പാടേണ്ടതുണ്ട്

പണിതവരുടെ പാട്ട് ഇനിയും പാടിയില്ല.
ചര്‍ക്കയില്‍ നൂല്‍ നൂറ്റും
ഞാറു നട്ടും
വിതച്ചും കിളച്ചും
കൊയ്തെടുത്ത പാട്ടുകള്‍,
നീരാമ്പല്‍ പൂക്കളുടെ ഗാനങ്ങള്‍

തൃത്താവിന്റെ ഇലക്കും
ഇ മെയിലിനുമിടയിലെ സമയത്ത്
ഒരു തീവണ്ടി ദുരന്തം പോലെ
കുരുങ്ങിക്കിടന്നപ്പോള്‍ ഊറിക്കൂടിയ പാട്ടുകള്‍,

പി എസ് സി പരീക്ഷയുടെ അന്ന്
ശ്ക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലെ ബഹളത്തില്‍ പെട്ട്
ഞരിഞ്ഞമര്‍ന്ന ഒരു പാട്ട് ഞാന്‍ പിടിച്ചെടുത്തിട്ടുണ്ട്
മുഷ്ട്ടിക്കുള്ളിലെ മിന്നാമിനുങ്ങുപോലെ
ആരും കാണാതെ ഒരു കൊച്ചു ഇരുട്ടില്‍
അത് പ്രകാശിക്കുന്നുണ്ട്
എത്രയും വേഗം ഒരു വെളുത്ത കുപ്പിയിലേക്കു ഇടേണ്ടതുണ്ട്

ഈ കൊടും തിരക്കില്‍‍‍
തുളസിക്കു വെള്ളമൊഴിക്കാന്‍
ശക്തി തരണമേ ഏന്നായിരുന്നു
ആ പാട്ട്

മിനുക്കു ചട്ടുകമേന്തിയ
സിമന്റുപണിക്കാര്‍ പാടിയ പാട്ടാണത്.

Tuesday, August 18, 2009

രണ്ടു കവിതകള്‍-ജയന്‍ എടക്കാട്


പൂജ.
എന്റെ ക്ഷേത്രത്തില്‍
എന്റെ കസേരയുടെ കൈത്താങ്ങിനെ
ഞാന്‍ പൂജിക്കുന്നു.
അതിന്റെ മിനുസം
എന്നെ സന്തോഷിപ്പിക്കുന്നു.
സന്തോഷം
പ്രണയത്തിലേയ്ക്കും
പ്രാര്‍ത്ഥനയിലേക്കും
ത്യാഗത്തിലേക്കും
സ്നേഹത്തിലേക്കും
രതിയിലേക്കും കൊണ്ടുപോകുന്നു.
പിന്നെ,
എന്റെ കസേരയുടെ മിനുസ്സമുള്ളകൈത്താങ്ങ്
എന്നെ എനിയ്ക്ക് തിരികെ തന്നു മടങ്ങുന്നു.


ജനാല.

ചുവരുകള്‍ക്കിടയിലിരുന്ന്
രാത്രികളില്‍
അകത്തു നിറഞ്ഞ വെളിച്ചത്തെ
പുറത്തെ മുറ്റത്ത്
ഒരുപ്രകാശചതുരം കൊളുത്തിടുന്നു.

അതിന്റെ അഴികളെല്ലാം -
ഇരുട്ടിന്റേതായിരുന്നു.

ഇത്രയും വരികള്‍ നിങ്ങള്‍ക്കു
കൌതുക മുണ്ടാക്കുന്നുവോ?
കൌതുകം ആനന്ദമാണെന്നൊരു
പഴമൊഴിയുണ്ടായിരുന്നെങ്കില്‍
നിങ്ങള്‍ ആനന്ദവേട്ടയ്ക്കിറങ്ങിയ
ജീവിയല്ലെ

അതുകൊണ്ടല്ലെ ഈരചന
വായിക്കാനെത്തിയത്.