Showing posts with label ezhuth online magazine. Show all posts
Showing posts with label ezhuth online magazine. Show all posts

Wednesday, May 19, 2010

സ്വരജതി


indira balan


മിഴികൾക്കു മീതെ പീതവർണ്ണ രേഖ കൊത്തി
മഷിക്കണ്ണെഴുതിയ പക്ഷീ
പ്രദോഷസന്ധ്യകളിൽ
അരയാൽ ചില്ലയിലിരുന്ന്‌ നീ
ആലപിക്കുന്നതെന്താണ്‌?
മൗനങ്ങൾക്കു വാചാലതയേറുമ്പോൾ
നിന്റെ സ്വരമാധുരി
ചക്രവാളങ്ങളിൽ പ്രതിധ്വനികളുളവാക്കുന്നു
നിനക്കു ചുറ്റും ഭക്തിസാന്ദ്രതയോടെ
സദാ മന്ത്രമുരുവിടുന്ന ആലിലകൾ
നിന്റെ കൊക്കിൽ നിറച്ചുവെച്ച
സ്വരമണികൾ ഏതു സങ്കീർത്തനത്തിന്റേയാണ്‌?
നിനക്കനുയായികളായിയെത്ര പേർ?
രുദ്രാക്ഷമണികൾ എണ്ണിയെണ്ണി
സന്ധ്യകളെ സാർത്ഥരാക്കിയ
പൂർവ്വികർ ഓതിത്തന്നതല്ലേ ഈ ഗമകങ്ങൾ.................
നിന്റെ സ്വരസ്വാധീനത്താൽ
ആകാശമേഘങ്ങളുടെ യാത്ര
മന്ദഗതിയിലായിരിക്കുന്നു
അവർ നിന്റെ ഗാനത്തിനു വേണ്ടി
കാതോർത്തിരിക്കുന്നു!
അല്ലയോ പക്ഷീ, നീയാർക്കു വേണ്ടിയാണീ
സ്വരജതികളുതിർക്കുന്നത്‌?
കുരുതികളുടെ പേക്കൂത്തുകൊണ്ട്‌
ശാപഭാരത്താൽ ശിരസ്സു താഴ്‌ന്ന
ഈ ഭൂമിദേവിയെ ഉണർത്താനോ?
അവളുടെ വേദനകളിൽ അലിവിന്റെ നെയ്‌ പുരട്ടി
സ്നിഗ്ദ്ധമാക്കി സ്വാതന്ത്ര്യത്തിന്റെ ആകാശങ്ങളെ
തുറന്നു തരാനോ?
രാഗങ്ങളുടെ മഴപ്പെയ്ത്തിൽ ലീനയായി
മാനസശുദ്ധിക്കായി നീ പാടുക...
......യതികളില്ലാതെ...
നിന്റെ നീല പക്ഷങ്ങൾ
പ്രകൃതിയുടെ നിയാമകതത്വങ്ങളുമായി
പൊരുത്തപ്പെട്ട്‌ ശക്തി പ്രാപിക്കട്ടെ
വീണ്ടും, വീണ്ടും. പുതിയ സ്വരജതികളുതിർക്കുവാൻ

Friday, January 29, 2010

എനിക്കു എസ് എം എസ് ചയ്യേണ്ട വിലാസം


jayan edakkaat
എനിക്കു എസ് എം എസ് ചയ്യേണ്ട വിലാസം

അരിവാള്‍ ചുറ്റികനക്ഷത്രം
എന്ന വിലാസത്തില്‍
എല്ലാവരും എസ് എം എസ് ചെയ്യണം
അടുത്ത റൗണ്ടില്‍ പാവങ്ങളുടെ പാട്ട്
പാടേണ്ടതുണ്ട്

പണിതവരുടെ പാട്ട് ഇനിയും പാടിയില്ല.
ചര്‍ക്കയില്‍ നൂല്‍ നൂറ്റും
ഞാറു നട്ടും
വിതച്ചും കിളച്ചും
കൊയ്തെടുത്ത പാട്ടുകള്‍,
നീരാമ്പല്‍ പൂക്കളുടെ ഗാനങ്ങള്‍

തൃത്താവിന്റെ ഇലക്കും
ഇ മെയിലിനുമിടയിലെ സമയത്ത്
ഒരു തീവണ്ടി ദുരന്തം പോലെ
കുരുങ്ങിക്കിടന്നപ്പോള്‍ ഊറിക്കൂടിയ പാട്ടുകള്‍,

പി എസ് സി പരീക്ഷയുടെ അന്ന്
ശ്ക്തന്‍ തമ്പുരാന്‍ സ്റ്റാന്റിലെ ബഹളത്തില്‍ പെട്ട്
ഞരിഞ്ഞമര്‍ന്ന ഒരു പാട്ട് ഞാന്‍ പിടിച്ചെടുത്തിട്ടുണ്ട്
മുഷ്ട്ടിക്കുള്ളിലെ മിന്നാമിനുങ്ങുപോലെ
ആരും കാണാതെ ഒരു കൊച്ചു ഇരുട്ടില്‍
അത് പ്രകാശിക്കുന്നുണ്ട്
എത്രയും വേഗം ഒരു വെളുത്ത കുപ്പിയിലേക്കു ഇടേണ്ടതുണ്ട്

ഈ കൊടും തിരക്കില്‍‍‍
തുളസിക്കു വെള്ളമൊഴിക്കാന്‍
ശക്തി തരണമേ ഏന്നായിരുന്നു
ആ പാട്ട്

മിനുക്കു ചട്ടുകമേന്തിയ
സിമന്റുപണിക്കാര്‍ പാടിയ പാട്ടാണത്.

Tuesday, November 10, 2009




sona gopinathan

ചേട്ടന്‍

ചേട്ടനെ കാണ്‍മാന്‍
മൈലുകള്‍താണ്ടിയമ്മ-
വീട്ടില്‍ഞാനെത്തിടുമ്പോള്‍
ചേട്ടന്‍കിഷോറിന്റെ
വീട്ടിലുണ്ടെന്നമ്മൂമ്മ
പറഞ്ഞിട്ടു്‌പോയിഞാന-
ങ്ങൊട്ടായ്‌...
പട്ടാളക്യാമ്പിലെകഥകളെല്ലാം
വീര്യാംചോര്‍ന്നുപോവാതെ
ജിഹൊയംതോക്കില്‍നിന്നു്‌
വാക്കിന്‍തിരകളുതിര്‍ക്കുന്ന കിഷോര്‍,
യെന്നെ കണ്ടതും
അതിര്‍ത്തിയില്‍കയറിയപരിചിത-
നെന്നപോല്‍
തറപ്പിച്ചൊരു നോട്ടമെറിഞ്ഞെന്റെ
നേര്ക്ക്‌....
പിന്നെ,ചോദിച്ചു ചേട്ടനോടായ് :
'ആരാണതെന്നറിയോ നിനക്കു്‌' ?
അപകര്‍ഷതയാംകുപ്പായംചൂടിയ-
യെന്നെ ചൂണ്ടി പറഞ്ഞുപോല്‍ ചേട്ടന്‍ :
അകന്നേതോ ബന്ധത്തിലുള്ളൊരു
മാമന്റെ മകനാണതെന്നു്‌മാത്രറിയാം'
ക്ഷിപ്രംമനസിന്‍ഇരുട്ടറ ഭേദിച്ചു്‌
സങ്കടമെന്ന പഴമുത്തശി
വദനമാംപടിപ്പുര ലക്ഷ്യമിട്ടു്‌
പായുംമുന്പേ,യവിടംക്രിത്രിമ
പുഞ്ചിരികയറിയിരുന്നു.
തിരിഞ്ഞു നടന്നു ഞാന്‍
ലജ്ജയുടെ,ദുഃഖത്തിന്റെ
കുട്ടകള്‍പേറി.....
നടന്നു പോകുംവഴിയിലതാ
ആലയിലായ്‌പ്രഭാകരേട്ടന്‍
തീകൂട്ടുന്നു....
പഴയോല നൂണ്ട്‌പുറത്തേക്കു്‌പായും
പുക പടലങ്ങള്‍എന്നെ നോക്കി ചിരിക്കുന്നു.
എന്നെ മാത്രംനോക്കി ചിരിക്കുന്നു..
* *****************
അമ്മ വീട്ടില്‍നിന്നും തിരിക്കുമ്പോ-
ളൊരു സ്വകാര്യംപറഞ്ഞേട്ടനിപ്രകാരം :
'ആരു ചോദിച്ചാലുമങ്ങനെ പറയാവൂ നീയും'
'ശരി'-യെന്നുമൂളി ഞാനും
സമ്മതത്തിന്റെ പര്യായമെന്നോണം
(ചിരി അപ്പോഴും സങ്കടത്തിനു്‌ മീതെ.....)
കാലംകടന്നു്‌പോയി
മാറ്റങ്ങള്‍ വിതറി......
എന്നാല്‍,മാറ്റമില്ലാത്തൊരു
ശിലാ സമസ്യ നെഞ്ചെരിച്ചിലിന്റെ നാട്ടില്‍
മനസിന്റെ മുറ്റത്തായ്‌
വിഷാദത്തിന്റെ ചോദ്യ ചിഹ്നം തീര്‍ത്ത്‌,
താടി വളര്‍ത്തി വളഞ്ഞുകൂടി
നില്‍പ്പുണ്ടിപ്പോഴും
ഉരിയാടാത്ത മാധവേട്ടനെ പോലെ.......

Friday, May 29, 2009

ezhuth online inauguration



managing director , Bits Group of Companies , middle east, far east, south asian countries, Sajimon Parayil inaugurates the first issue of Ezhuth Online Magazine. media marketing expert R Padmanabha Panicker presides.

BACK

Thursday, May 28, 2009

ഒരു ശിശിര സന്ധ്യ-മാത്യു നെല്ലിക്കുന്ന്

ആകാശത്തെരുവില്‍ നക്ഷത്രപ്പൂക്കള്‍ വിരിച്ച
പെണ്‍കുട്ടീ, നീ ഒരിക്കള്‍
നിര്‍മ്മാല്യം തൊഴുതു മടങ്ങുമ്പോള്‍
കൈകള്‍ കൂപ്പി ദേവീ ദര്‍ശനം കാത്ത്‌
ഞാന്‍ നിന്നിരുന്നുവല്ലോ .
ഒരു ശിശിരത്തിന്‍ തേങ്ങലില്‍
തംബുരു പൊട്ടിയ വീണയുടെ
ആര്‍ത്ത നാദത്തിന്‍ ഞെട്ടലില്‍
എന്‍ ഹൃത്തില്‍ പൊടിഞ്ഞ
രക്തത്തുള്ളികള്‍ ഇന്നും ബാക്കിയാണല്ലോ.
നീണ്ട മൌനത്തിന്‍ വിഷാദ സന്ധ്യയില്‍
ഉരുകിയൊലിച്ച ഹൃത്തിന്‍റെ തേങ്ങല്‍
ഇന്നും ബാക്കി കടങ്ങളായി എന്നില്‍
നീറിപ്പുകയുന്നു.
നീയെന്ന താഴ്‌വാരത്തില്‍
തേനലപ്പച്ചകളില്‍
ഞാനന്ന് മുങ്ങിത്തുടിച്ച
ഓര്‍മ്മത്തുടിപ്പുകള്‍ ഇന്നും ബാക്കി കിടക്കുന്നു.
ചൂടുറ്റ കാലത്തില്‍ കാതോര്‍ത്തു നിന്നപ്പോള്‍
നിന്‍ ചുടു ഗന്ധങ്ങള്‍ എവിടെയോ
പൊലിഞ്ഞപ്പോള്‍
കാലത്തിന്‍ മേഘത്തട്ടില്‍
ശൂന്യമാം ചുവരുകളില്‍
നോക്കി ഞാന്‍ പ്രതിമ പോല്‍
നിശ്ചലം നിന്നു പോയി.

BACK

Wednesday, May 27, 2009

നൊമ്പരക്കാഴ്‌ച- ഡെല്‍ന നിവേദിത.

പട്ടിണികൂട്ടായ കുട്ടിയാമുറ്റത്ത്‌
പാതിമറഞ്ഞ മിഴിയുമായി
പൊട്ടിയൊലിക്കും ചൊറിയുടെ ചുറ്റിലും
വട്ടം പറക്കുന്ന കൂവീച്ചകള്‍ .
ഒട്ടിയ വയറും ഒലിക്കുന്ന മൂക്കും
അഴുക്കുകള്‍ നാക്കിനാല്‍ നക്കി നക്കി .
ഞണ്ടു പിടിച്ച്‌ നടന്നൊരാ പാടങ്ങള്‍
തുണ്ടു കരകളായി മാറ്റിയാരോ !
ശോഷിച്ച മേനിയുമായിട്ടവനിനി
ശേഷിച്ച കാലമന്നെത്രയെന്നോ.
മാവിന്‍റെ പൂമണമായ്‌ വന്ന കാറ്റന്ന്
മൌനമാം കാഴ്‌ചകള്‍ കണ്ടു തേങ്ങി.
മുറ്റം നിറഞ്ഞ മുറുക്കാന്‍റെ തുപ്പല്‌
വട്ടം വരച്ച പോല്‍ കണ്ടു ഞാനും
മഞ്ഞും മഴയും വെയിലുമാ കുടിലിന്‍റെ
നെഞ്ചത്ത്‌ കേറി കുടിയിരുന്നു.
പാദസ്വരത്തിന്‍റെ മണിയൊച്ചയില്ലാതെ
പാടി മുറ്റത്തെത്തി സന്ധ്യ നിന്നു.
മോഹമില്ലാതെ തെളിഞ്ഞ കരിന്തിരി
നാളമാ കുടിലിനു നല്‍കി വെട്ടം.
ദാരിദ്ര്യം നാടിന്‍റെ ശാപമായ്‌ മാറിയ
നുറുങ്ങ്‌ കാഴ്‌ചകള്‍ എന്‍റെ നാട്ടില്‍

BACK

ശ്രീലങ്കന്‍ യാത്ര- എ ക്യു. മഹ്‌ദി



യാത്രകള്‍ എന്നുമെനിയ്ക്കു പ്രിയങ്കരമായിരുന്നു.ഒരിക്കലുമടങ്ങാത്ത അഭിനിവേശം അതിനോടു തോന്നിത്തുടങ്ങിയത്എന്നു മുതലാണെന്നോര്‍മ്മയില്ല. ഒന്നറിയാം,കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ സഞ്ചാരത്തെ സ്നേഹിച്ചിരുന്നു.

ബാല്യകാലത്ത് ആ താല്പര്യം എന്നിലെങ്ങനെ വളര്‍ന്നുവെന്നതിനെപ്പറ്റി ഞാനോര്‍ക്കുന്ന ഒരു സംഭവമുണ്ട്. ഹൈസ്കൂള്‍ ക്ലാസ്സില്‍ പഠിക്കുന്ന കാലം മലയാളമായിരുന്നു എന്റെ വിഷയം. അന്ന് എന്റെ ഏതോ ക്ലാസ്സില്‍”പുരുഷാന്തരങ്ങളിലൂടെ” എന്നൊരു ഉപപാഠ പുസ്തകമുണ്ടായിരുന്നു.
പ്രശസ്ത കവി ശ്രീ.വയലാര്‍ രാമവര്‍മ്മയെഴുതിയ ഒരു ചെറിയ പുസ്തകമായിരുന്നു അത് , മനോഹരമായ ഒരുരചന. അദ്ദേഹം എഴതിയ പല കവിതാ സമാഹാരങ്ങളക്കാളും കാവ്യഭംഗി നിറഞ്ഞ ,എന്നാല്‍ ഗദ്യ സാഹിതത്തില്‍ എഴുതപ്പെട്ട ഒന്ന്. “പുരുഷാന്തരങ്ങളിലൂടെ“ ഒരുയാത്രാ വിവരണമായിരുന്നു, ഒരു സഞ്ചാരകൃതി. 50വര്‍ഷ്ങ്ങള്‍ക്കുമുന്‍പു ഡെല്‍ഹിയിലേക്ക് അദ്ദേഹം നടത്തിയ ഒരു തീവണ്ടി യാത്രയിലെ അനുഭവങ്ങളായിരുന്നു അതിലെ ഉള്ളടക്കം.ഈ പുസ്തകം ആദ്യമായി പ്രസിദ്ധീകരിച്ചത് 1959-ലാണ്.


വയലാര്‍ ആ യാത്ര നടത്തിയ കാലത്ത് കേരളത്തില്‍ നിന്നും ഡെല്‍ഹിയ്ക്ക് നേരിട്ടു തീവണ്ടികള്‍ഉണ്ടായിരുന്നില്ല. മദിരാശിയില്‍ നിന്നും പുറപ്പെടുന്ന ജി.റ്റിഎക്സ്സ്പ്രസ്സ്(GRANT TRUNK EXPRESS) വഴിയായിരുന്നു ഗ്രന്ഥകാരന്റെ ദില്ലിയാത്ര. യു. പി യും ,ഉത്തരമധുരയും,ആഗ്രയുമൊക്കെ പിന്നിട്ട്‌ ന്യൂഡെല്‍ഹിയിലെത്തും വരെയുള്ള സഞ്ചാരത്ത്തിലെ വിചിത്രതരമായ അനുഭവങ്ങളുടെ അതീവ ഭംഗി നിറഞ്ഞ രേഖാചിത്രങ്ങളാണ്,കടന്നുപോയ ഈനാടുകളുടെ പൌരാണിക സംസ്കൃതികളുമായി ലയിപ്പിച്ച് അദ്ദേഹം ത്ന്റെയാപുസ്തകത്താളുകളില്‍ കോറിയിട്ടത്‌ . ഇന്‍ഡ്യന്‍ സംസ്കാരത്തിന്‍റെ പൈതൃകം ഉറങ്ങിക്കിടക്കുന്ന ഉത്തരേന്‍ഡ്യന്‍ സമതലങ്ങളിലൂടെ നടത്തിയ പര്യടനത്തിന്റെ ഹൃദ്യമായ ഒരാവിഷ്ക്കരണമായിരുന്നു തീര്‍ച്ചയായും ആ ചെറു പുസ്ത്കം. പ്രാചീന സാഹിത്യകൃതികളിലെ ചരിത്ര സംഭവങ്ങളുടെ പശ്ചാത്തലം ഈ യാത്രാവിവരണത്തിലുടനീളം ശ്രീ, വയലാര്‍ വിവരിയ്ക്കുമ്പോള്‍, ആ പ്രദേശങ്ങളിലൂടെ സഞ്ചരിയ്ക്കുന്ന ഒരനുഭവമാണ് എന്റെയാ കുട്ടിക്കാലത്തു പോലുമെനിക്ക്‌ തോന്നിയത്.ജീവിതത്തിലൊരിക്കലും അത്തരത്തിലൊരു ദില്ലി യാത്രപോലൊന്ന് ചെയ്യാനെനിയ്ക്ക് അവസരം കിട്ടുമോയെന്നും ഞാനെന്റെ ബാലമനസ്സില്‍ ശങ്കിച്ചിരുന്നു.
ഈ അടുത്ത കാലത്ത്‌ നിരവധി ബുക്ക്‌ സ്റ്റാളുകളില്‍ പരതി ഞാനാപുസ്തകത്തിന്റെ
ഒരു കോപ്പി സംഘടിപ്പിച്ച് വീണ്ടൂം ഒരാവര്‍ത്തികൂടെ വായിക്കുകയുണ്ടായി.
ഗ്രന്ഥകര്‍ത്താവ് മരിച്ചിട്ട് വര്‍ഷങ്ങളേറെ കഴിഞ്ഞിരിക്കുന്നു.
ഞാന്‍ ബുക്ക്ഷോപ്പില്‍ നിന്നും വാങ്ങിയ ആ പുസ്തകത്തിന്റെ താളുകള്‍ക്ക്
കാലപ്പഴക്കം കൊണ്ട്മഞ്ഞനിറം ബാധിച്ചിരുന്നു. കേരള എക്സ്പ്രസ്സും
മംഗളയും,രാജധാനിയുമൊക്കെ കേരളത്തില്‍ നിന്ന് നേരിട്ട്‌ ദല്‍ഹിക്ക്‌ പുറപ്പെട്ടു കഴിഞ്ഞിട്ടും അഞ്ചു പതിറ്റാണ്ടുകള്‍ക്കപ്പുറമെഴുതപ്പെട്ട ഈ ചെറിയ പുസ്ത്കത്തിലെ വരികളിലൂറിനില്‍ക്കുന്ന അന്നത്തെ യാത്രാനുഭവ ചിന്തകള്‍,ഈവര്‍ത്തമാന കാലത്തും പ്രസക്തമാണെന്നെനിയ്ക്കു തോന്നി.


കുട്ടിക്കാലം മുതല്‍ക്കേ ഞാന്‍ അക്ഷരങ്ങളെ സ്നേഹിച്ചിരുന്നു.എന്റെ പിതാവായിരുന്നു അതിനു കാരണക്കാരന്‍.അദ്ദേഹത്തിനു സ്വന്തമായുണ്ടായിരുന്ന ചെറിയൊരു സ്വകാര്യ ലൈബ്രറിയിലെ
പുസ്തകങ്ങള്‍ മിക്കതും ഞാനക്കാലത്തുതന്നെ വായിച്ചു തീര്‍ത്തിരുന്നു.വിക്ടര്‍ യൂഗോവിന്റെ
പാവങ്ങളും,ടോള്‍സ്റ്റോയിയുടെ”യുദ്ധവും സമാധാനവും”ഡെസ്റ്റോയോവിസ്കിയുടെ”കുറ്റവും ശിക്ഷയും”
ഒക്കെ ആ ബാല്യകാലത്തുതന്നെ വായിക്കാനെനിയ്ക്കു അവസരമുണ്ടായത് ഒരു മഹാഭാഗ്യമായിഞാനിന്നും
കരുതുന്നു.
പിന്നീട് മലയാള ഗദ്യസാഹിത്യത്തില്‍ ഞാന്‍ വായിച്ചുതുടങ്ങിയത്-യാദൃശ്ചികമാണോയെന്നോര്‍മ്മയില്ല.-ശ്രീ .എസ്.കെ.പൊറ്റക്കാടിന്റെ സാഹിത്യ കൃതികളായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരകൃതികള്‍. അതിനുശേഷമാണ് യാത്രകള്‍ചെയ്യാനുള്ള മോഹം എന്നില്‍ അങ്കുരിക്കാന്‍
തുടങ്ങിയത്. എസ് .കെ യുടെ ,സാഹത്യ അക്കാഡമി അവാര്‍ഡും,ജ്ഞാനപീഠം പുരസ്ക്കാരവും നേടിയ
“ഒരുദേശത്തിന്റെ കഥ” അതുപ്രസിദ്ധീകരിച്ച കാലത്തുതന്നെ
ഞാന്‍ വായിച്ചിട്ടുണ്ട്.
ഒരിക്കലും നടക്കാനിടയില്ലാത്ത ലോകയാത്രകളെപ്പറ്റിയുള്ള വൃഥാസങ്കല്പങ്ങളില്‍ സ്വയം ലയിച്ച് അവ മനസ്സി ല്‍താലോലിച്ച്,സംതൃപ്തിയടഞ്ഞിരുന്നു ഞാനന്ന്.വ്യാപാര സംബന്ധമായി അക്കാലത്ത് ഇടയ്ക്കിടെ മദിരാശി സന്ദര്‍ശിക്കാറുണ്ടായിരുന്നു എന്റെ പിതാവ്, ഓരോ യാത്രയിലും എന്നെയോ,എന്റെ ജ്യേഷ്ഠ്നെയോ ഒപ്പം കൂട്ടിക്കൊണ്ടുപോകുമായിരുന്നു. അന്നെനിയ്ക്ക്12വയസ്സ് പ്രായം.

തിരുവനന്തപുരം മുതല്‍ എറണാകുളംവരെ അന്ന് മീറ്റര്‍ ഗേജ്
പാതയായിരുന്നു.കൊച്ചിന്‍ ഹാര്‍ബര്‍
ടെര്‍മിനസ്സ് സ്റ്റേഷനില്‍നിന്നും പുറപ്പെടുന്ന കൊച്ചിന്‍-മദിരാശി
എക്സ്സ്പ്രസ്സ് ട്രെയിനായിരുന്നു കേരളത്തില്‍ നിന്നും മദിരാശിയ്ക്കു
നേരിട്ടുള്ള ബ്രോഡ്ഗേജ് തീവണ്ടി. മറ്റൊന്ന് മംഗലാപുരത്തുനിന്നും
പുറപ്പെടുന്ന വെസ്റ്റ്-കോസ്റ്റ് എക്സ്സ്പ്രസ്സും.ഒക്കെയും ആവിയിലോടുന്ന
കരിവണ്ടികളായിരുന്നു.


മദിരാശി യാത്രകള്‍ വിദൂരമായ ഏതോ ദേശത്തേയ്ക്കുള്ള സഞ്ചാരത്തിനു തുല്യമായി
എനിയ്ക്കന്നുതോന്നിയിരുന്നു. ആ കുട്ടിക്കാലത്ത് യാത്രകളെപ്പറ്റിയുള്ള
സങ്കല്പവും മോഹവും മനസ്സില്‍ പച്ചപിടിച്ചുനിന്നതു കൊണ്ടാവാം,
കോളേജ് വിദ്യാഭ്യാസാനന്തരം ഒരു ബിസിനസ്സ് എക്സ്സിക്യൂട്ടിവിന്റെ മേലങ്കി
ഞാനണിഞ്ഞത്.ആ ജോലിയുമായി ബന്ധപ്പെട്ട് ദല്‍ഹിയിലെ
ഒരുവ്യവസായ
സ്ഥാപനത്തിനുവേണ്ടി കേരളത്തിലും,ഇന്‍ഡ്യ ഒട്ടാകെയും അന്ന് ഞാന്‍
സ്ഥിരമായി യാത്രചെയ്യാറുണ്ടായിരുന്നു.


മെല്ലെ മെല്ലെ എന്റെ മനസ്സില്‍ ഒരു വിദേശയാത്രയ്ക്കുള്ള മോഹം മൊട്ടിടാന്‍
തുടങ്ങി. വിദേശയാത്ര അധികവും വിമാനത്തിലായിരിക്കുമല്ലോ?.നാട്ടില്‍ തന്നെ
ഞാനൊരു ട്രയല്‍
വിമാനയാത്രയ്ക്ക് സന്ദര്‍ഭം ഒരുക്കുകയും കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് അന്ന് അറുപതോ
എഴുപതോ പേര്‍ക്ക് സഞ്ചരിക്കാവുന്ന ഒരു ഇടത്തരം വിമാനത്തില്‍ നവവധുവുമൊത്ത് പറക്കുകയും ചെയ്തു.
30വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്.

എന്റെ ആദ്യ സന്ദര്‍ശനം മാലിയിലേയ്ക്കായിരുന്നു.മാലിയെ
ന്ന
മാലിദ്വീപിലേയ്ക്ക്.1982 -ല്‍ ആയിരുന്നു ആ യാത്ര.തിരുവനന്തപുരത്തുനിന്ന്
ഒരു സ്നേഹിതനുമൊത്ത് അരമണിക്കൂറിനുള്ളില്‍
അറബിക്കടലിനുമുകളിലൂടെ മാലിയില്‍ വിമാനത്തിലിറങ്ങി.
മാലി സന്ദര്‍ശനത്തിലൂടെയാണ്‌
വീണ്ടും വിദേശയാത്രകള്‍ക്കു വേണ്ടിയുള്ള ദാഹം
എന്നില്‍ കലശലായത്.
അങ്ങനെ വിവിധ കാലയളവുകളിലായി നിരവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കാനുള്ള സൌഭാഗ്യം
എനിയ്ക്കുണ്ടായി.അവയില്‍ മിക്കതും സകുടുംബമുള്ള യാത്രകളായിരുന്നു. ഭാര്യയുമൊത്ത്.
ആ യാത്രകളുടെ തുടര്‍ച്ചയാണ് എന്റെ യൂറോപ്പ് ട്രിപ്പ്.
പത്ത് യൂറോപ്യന്‍
രാജ്യങ്ങളും മിഡില്‍ ഈസ്റ്റും സന്ദര്‍ശിക്കാന്‍
അപ്പോഴെനിയ്ക്ക്
അവസരമുണ്ടായി.അതെത്തുടര്‍ന്ന് വിവിധകാലങ്ങളിലായി
നേപ്പാള്‍,ശ്രീലങ്ക,ഈജിപ്ത്റ്റ്
,ആഫ്രിക്ക,ഗള്‍ഫ്,രാജ്യങ്ങള്‍തുടങ്ങിയവ
ഞാന്‍ സന്ദര്‍ശിച്ചു
.

തെക്കുകിഴക്ക് ഏഷ്യയായ സിങ്കപ്പൂര്‍, മലേഷ്യ,താ
യ് ലന്‍ഡ്,ഹോങ്കോങ്ങ്,
എന്നീ രാജ്യങ്ങളിലും ഒന്നിലധികം തവണ പോകാനെനിയ്ക്ക് അവസരമുണ്ടായി.അതിനുശേഷം
ചൈന മഹാരാജ്യവും സന്ദര്‍ശിക്കാനെന്നിയ്ക്ക് കഴിഞ്ഞു.

2005 -ലായിരുന്നു എന്റെ അമേരിക്കന്‍ യാത്ര.ആ യാത്രയില്‍ തെക്കന്‍ യുഎസ്.തീരമായ
ന്യൂയോര്‍ക്കില്‍തുടങ്ങി വടക്കേഅറ്റമായ സാന്‍ഫ്രാന്‍സിസ്കോ
വരെ അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ഒന്‍പത്‌
സ്റ്റേറ്റുകള്‍ ഒരുമാസംകൊണ്ട്
പൂര്‍ത്തിയാക്കാനെനിക്ക്‌
കഴിഞ്ഞു.
അപ്പോഴേയ്ക്കും ഒട്ടാകെ 43 രാജ്യങ്ങള്‍ ഞാന്‍ പിന്നിട്ടുകഴിഞ്ഞിരുന്നു.
.അടുത്ത ലക്‌ഷ്യം
റഷ്യയാണ്. 2009 ജൂലൈയില്‍ അവിടെയ്ക്കുള്ള സന്ദര്‍ശനവും
ഉറപ്പാക്കിക്കഴിഞ്ഞു.

എന്റെ ശ്രീലങ്കന്‍ യാത്രയെക്കുറിച്ചുള്ള ചില സഞ്ചാരരേഖകളാണ് ഈപംക്തി
യിലൂടെ അവതരിപ്പിക്കാന്‍ ഞാന്‍ ശ്രമം നടത്തുന്നത്.
അടുത്തലക്കം മുതല്‍ നിങ്ങള്‍ക്ക് അത് വായിച്ചുതുടങ്ങാം.

BACK

Sunday, May 24, 2009

പാഞ്ചാലിക്കൊന്ന -ഒ. എന്‍. വി


കാണികള്‍ നോക്കിനിന്നു രസിക്കെ,
വേനല്‍ വന്നു നിന്‍ വസ്ത്രമുരിഞ്ഞു.
"അരുതീക്രൂരത"യെന്നു വിലക്കാന്‍
ചെറുവിരല്‍ പോലുമൊന്നനക്കാതെ
നിസ്സഹായരായിത്തൊടിതന്നില്‍
നില്‍പതില്ലെത്ര വൃക്ഷഭീമന്‍മാര്‍!
ഉള്‍ക്കളത്തിലെ ധര്‍മ്മരോഷത്തിന്‍
അഗ്നിയൂതിക്കെടുത്തിയതാരോ?
അതിസമര്‍ത്ഥ കരുക്കള്‍ നിരത്തി
അടിമകളാക്കി നിന്നുടയോരെ
. ചാരുവാം ഹരിനീലവര്‍ണത്തിന്‍
ഛായകള്‍ നിഴലിച്ചിടും നിന്‍റെ
ചേലയിലവന്‍ കൈവച്ചു,നഗ്ന
മേനിയാക്കാനുഴറുന്നു നിന്നെ!.
ഊര്‍ദ്ധ്വബാഹുവായ്‌നിന്നു നീയാരെ
പ്രാര്‍ത്ഥനാലോലമുറ്റു നോക്കുന്നു. ?
പൂവരശിന്‍റെ ധര്‍മ്മവ്യസനം
തൂവും കണ്ണീരില്‍ ചോരച്ചുവപ്പോ?
നിഷ്ക്രിയയത്വത്തിന്‍ രോഷവും വ്യര്‍ത്ഥം
നിഷ്ടൂരമാം വിടത്വത്തിന്‍ മുന്നില്‍ !
നിന്‍റെ ദീനവിലാപമീയുഷ്ണ-
ചണ്ഡവാതത്തില്‍ മുങ്ങിമായുന്നൂ.
ഒടുവില്‍ നീയറിയുന്നു:നിന്‍ രക്ഷ
യ്ക്കൊരുവരും വരാതില്ലയിക്കാലം!
നിന്‍റെ രക്ഷയ്ക്ക്‌ നി തന്നെ!-നൊന്തു
നൊന്തുരുകും നിന്‍ ജീവനില്‍ നിന്നും,
നിന്‍ ഞരമ്പുകളോരോന്നില്‍ നിന്നും
ഇന്നു നീ സ്വയം നെയ്തെടുത്തല്ലോ
നിന്നെ മൂടുമീ പൊന്നുടയാട. !
നിന്നഭിമാനം നീ തന്നെ കാത്തു!
ഒന്നിനി കണികാണട്ടെ, യെന്‍റെ
മണ്ണില്‍ മാനിനിയാം മകള്‍ നിന്നെ!

BACK

കല്ലുകള്‍- എം. കെ ഹരികുമാര്‍






കല്ലുകള്‍ ഒരു ഭൂതകാലത്തെ
നിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്‌.
ചില ചലനങ്ങളെ ദൃശ്യവത്കരിക്കാതെ ,
അവ സ്വന്തം നിശ്ചലത എന്ന ആവരണമണിഞ്ഞ്‌
മൌനത്തെ ദൃഢമുള്ളതാക്കുന്നു.


ഒരു വിശ്വാസത്തിനും ഭംഗം വരാതിരിക്കുക
എന്ന വിധി അവ ഏറ്റെടുക്കുന്നില്ല.
കാലം മായ്ച്ചുകളയുന്ന ആശയങ്ങള്‍ പോലെ
ഓര്‍മ്മകളെയും കല്ലുകള്‍ കയ്യൊഴിയുന്നു.
കല്ലുകള്‍ പെറുക്കുകൂട്ടാനാഗ്രഹിക്കുന്ന
വികാരങ്ങള്‍ അന്തരീക്ഷത്തില്‍ എവിടെയോ ഉണ്ട്‌.
നമ്മെപ്പോലെ കല്ലുകളും അവ തേടുകയാണ്‌.


ഏതെങ്കിലും വികാരം രക്ഷിതാവോ പന്ഥാവോ
ആകുമെന്നൊന്നും വിശ്വസിക്കാതെ,
ചുറ്റിനുമുള്ള ലോകത്തിന്‍റെ അതാര്യതയില്‍ ,
നമ്മെപ്പോലെ കല്ലുകളും സ്വയം ഒളിപ്പിക്കുന്നു.
മുട്ടിയാല്‍ തുറക്കാത്ത എല്ലാ വാതിലുകളും സംഗമിക്കുന്ന
ഒരിടം കല്ലുകള്‍ സൂക്ഷിക്കുന്നുണ്ട്‌.
എന്നാല്‍ അവ ഒരിക്കലും ആ വാതിലുകളിലോ ,
വാതിലുകള്‍ക്കുള്ളിലെ നിശ്ശബ്ദമായ കാല ചംക്രമണങ്ങളിലോ
പ്രതീക്ഷയോടെ നോക്കുന്നില്ല.
കാലം നല്‍കുന്ന ഓര്‍മ്മപ്പെടുത്തലുകള്‍ കല്ലുകള്‍
മൌനത്തിന്‍റെ നിശ്ചലതകളായി പരിവര്‍ത്തിപ്പിക്കുന്നു.
സ്വയം ഒഴിഞ്ഞു പോകുന്നതോ
മറ്റുള്ളവര്‍ ഒഴിപ്പിക്കുന്നതോ
ഒരുപോലെ വ്യര്‍ത്ഥമാണെന്നറിയുന്നത്‌
കല്ലുകള്‍ക്ക്‌ ജ്ഞാനമൊന്നുമല്ല;
നിര്‍വികാരതയാണ്‌.
ഒരു രൂപമാറ്റം, ഇല്ലാതാകല്‍, സഞ്ചാരം,
എല്ലാം ഭ്രമാത്‌കമായ ജീവിതത്തിന്‍റെ
വിവിധ ജന്‍മങ്ങള്‍ മാത്രം.
എങ്കിലും പരിത്യാഗം, വിശുദ്ധി, നന്‍മ എന്നിങ്ങനെ
ഏതെങ്കിലും മിഥ്യകളിലൂടെ കടന്നുപോകുന്നത്കല്ലുകള്‍ക്ക്‌
നവമായ അദ്വൈതമാണ്‌.


ആനന്ദമയമായ മറവിയാണ്‌.
നിഗൂഢമായ ഇച്ഛാപ്രവാഹമാണ്‌.
കല്ലുകള്‍ക്ക്‌ എല്ലാവരെയും ഇഷ്ടമാണ്‌.
എന്നാല്‍ അത്‌ ആരെയും പ്രതീക്ഷിക്കുന്നില്ല.
ഇഷ്ടമായിരിക്കുമ്പോഴും , വേര്‍പെടുന്നതിനെപ്പറ്റിയോ
തിരിച്ചുവരുന്നതിനെപ്പറ്റിയോ വേവലാതിപ്പെടുന്നില്ല.
പിറക്കുന്നതിന്‍റെ അര്‍ത്ഥം അത്യപാരമായ നിര്‍വ്വേദത്തെ
ഉള്ളിലൊതുക്കി നിശ്ശബദതയുടെ കടുത്തരൂപമാകുക
എന്നാണെന്ന് അവയ്ക്കറിയാം.


കല്ലുകളില്‍ പക്ഷേ എല്ലാമുണ്ട്‌.
ഇന്നത്തെ സംഭവങ്ങളും നാളത്തെ വിയോഗങ്ങളും വരെ.
കല്ലുകള്‍ സഞ്ചരിക്കുകയാണ്‌.
രണ്ട്‌ പേര്‍ ചുംബിക്കുമ്പോള്‍
അവ ചുണ്ടുകളായി ഒളിച്ചുകടക്കുന്നു.
ഇണചേരുമ്പോള്‍ അവ ആത്യന്തികമായ
വിസ്മൃതിക്കായി ചെവിയോര്‍ക്കുകയാണ്‌.


ചിരിക്കുമ്പോള്‍ മറഞ്ഞിരുന്ന് അവ
ശീത നിഷ്ക്രിയതകളെ താലോലിക്കുന്നു.
ജോലി ചെയ്യുമ്പോള്‍ കല്ലുകള്‍ നമ്മുടെ
സീറ്റുകള്‍ക്ക്‌ താഴെ നിലയുറപ്പിക്കുന്നു.
നമുക്ക്‌ അവയ്ക്ക്‌ മുകളില്‍ ഇരിക്കാം.
എല്ലാ ഇടപാടുകാരുടെ മുന്‍പിലും മധ്യവര്‍ത്തിയായി
കയറിയിരിക്കുക എന്നത്‌ കല്ലുകളുടെ ജോലിയാണ്‌.


പ്രണയികള്‍ തമ്മില്‍ അകന്നിരിക്കുമ്പോള്‍
കല്ലുകള്‍ക്ക്‌ ഒരുപാട്‌ ജോലിയുണ്ട്‌.
അവ ഉറങ്ങാതിരിക്കും.
ഓരോ നിമിഷവും അവ പാഴാക്കതെ
പ്രണയികളെ വെവ്വേറെ അറകളിലായി പകുത്തുവയ്ക്കും .
അറകള്‍ പൊളിക്കുക എന്നത്‌
ഓരോ കമിതാവിന്‍റെയും വെല്ലുവിളിയാണ്‌.

BACK