Saturday, December 4, 2010

സംഭവത്തിന്റെ പൊരുളറിയുമ്പോള്‍


santhosh pala

ചിത്രത്തിന്റെ
സെറ്റില്‍ വച്ച്
സംവിധായകന്‍
സംഭവം ഹിറ്റാകുമെന്നാണ്
പറഞ്ഞത്

ഉച്ചയ്ക്ക്
ഒരു ചിത്രകാരന്‍
സംഭവത്തിലെ
അനിര്‍വചനീയമായ
സൌന്ദര്യത്തെക്കുറിച്ചാണ്
വര്‍ണ്ണിച്ചത്

ഒരു ശില്പി
സംഭവത്തിന്റെ
ആകാരസൌഷ്ഠവം
പ്രത്യേകതകളാല്‍
നിറഞ്ഞതാണെന്നാണ്
അറിയിച്ചത്

വൈകുന്നേരത്തെ
കവി സമ്മേളനത്തില്‍
മഹാകവി
സംഭവത്തിലെ
കവിത്വമാണ്
മുഖ്യവിഷയമാക്കിയത്

കച്ചേരിയ്ക്കെത്തിയ
സുന്ദരമ്മാള്‍
സംഭവത്തിലുറങ്ങുന്ന
സംഗീതാത്മകതയെക്കുറിച്ചാണ്
സംസാരിച്ചത്

കോട്ടമൈതാനത്ത്
രാജ്യസ്നേഹികളായ
രാഷ്ട്രീയ നേതാക്കള്‍
സംഭവം വളരെ പൈശാചികവും
ദു:ഖകരവുമാണെന്നാണ്
പ്രസ്താവിച്ചത്

അരാഷ്ട്രീയക്കാരായ
മതനേതാക്കള്‍
സംഭവത്തിലെ
സത്യം കണ്ടെത്തുന്നത്
വരെ ആര്‍ക്കും
വോട്ടുചെയ്യരുതെന്നാണ്
വിളംബരം ചെയ്തത്

പുത്തരിക്കണ്ടത്തെ
ചില അമ്മമാര്‍
സംഭവം
എമാന്മാര്‍ രഹസ്യമാക്കണേ
എന്ന
അപേക്ഷയാണ് വച്ചത്

ഉടുക്കാക്കുണ്ടനായി വന്ന
കൊച്ചുമകനോടെന്തേ ഇങ്ങനെ
എന്നു ചോദിച്ചപ്പോള്‍
സംഭവം സാധിച്ചിട്ടു
വരുന്നെന്നാണ് അറിയിച്ചത്

ഇനിയും സംഭവം
ഒരു പ്രശ്ന്മായി അവശേഷിച്ചാല്‍
രാവിലെയുള്ള സംഭവവും
ഉച്ചയ്ക്കുള്ള സംഭവവും
വൈകുന്നേരമുള്ള സംഭവവും
രാത്രിയിലെ സംഭവവും കൂടി കൂട്ടുക
അതില്‍ നിന്നും
ടി വിയില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക
ശിഷ്ടമുണ്ടെങ്കില്‍
അതൊരു സംഭവമായി രേഖപ്പെടുത്തുക
ഇല്ലെങ്കില്‍
‘സംഭവം മത്തായി‘
എന്ന് എല്ലാരും വിളിയ്ക്കുന്നതില്‍
തെറ്റൊന്നുമില്ലന്നറിഞ്ഞ്
രണ്ടെണ്ണം വീശി
ഉറങ്ങാന്‍ റെഡിയാവുക!.


സങ്കടം


കുടിച്ചുകുടി-
ച്ചുറക്കിയിരിയ്ക്കയാണീ-
ദേഹത്തെ;
മനസ്സേ ,
നുരഞ്ഞു പതഞ്ഞ് നീ
ഉണര്‍ത്താതിരിയ്ക്കുക!


ടൈം മാനേജ്മെന്റ്


വട്ടത്തില്‍
കറങ്ങുന്ന
ചെറുതും
വലുതുമായ
രണ്ട്
അടയാളങ്ങളാണ്
സകലരേയും
സകലടത്തും
വട്ടം കറക്കുന്നത്

പ്രണയകവിതകള്‍

അകലം

മിണ്ടിക്കളിച്ചങ്ങിരുന്നതില്ലേ സഖേ,
ചുണ്ടില്‍ മൃദുഹാസമെത്തിയില്ലേ
കണ്ണുകള്‍ കണ്ണുകള്‍ തമ്മില്‍ മന്ത്രിച്ചതോ
കാണാതിരിയ്ക്കുക വയ്യന്നൊരിക്കലും
എന്തു നിനച്ചാലുമെന്തുപറഞ്ഞാലും
എത്ര അകലെയാണിന്നുനീ, യീഞാനും

അടുപ്പം

മിണ്ടാട്ടമില്ലാതെ നിന്നാലുമെന്‍ സഖേ
മിണ്ടിയില്ലേ നമ്മള്‍ നൂറു വട്ടം
കണ്ണടച്ചാണു നീ നാണിച്ചതെങ്കിലും
കണ്ടതില്ലേ നമ്മള്‍ എത്ര വട്ടം
കാലം കുറച്ചേറെയായിതെന്നാകിലും
എത്ര അടുപ്പമാണന്നുമിന്നും

Friday, December 3, 2010

കുപ്പിവള



sumithra

ഒരിക്കലും
വീണുടയ്ക്കാൻ കഴിയാത്ത
ഒരു കുപ്പിവളപോലെയാണ്‌
ജീവിതവും

കാണുമ്പോൾ ചന്തം
ഇട്ടുനടക്കാൻ മിനുക്കം
എന്നാൽ
ചേർത്തു വയ്ക്കുമ്പോൾ
കിരുകിരുപ്പ്‌

മകൾ വാശിപിടിച്ച്
കരയുമ്പോൾ,
അവളെ കാണിക്കാൻ
ഒരു കുപ്പിവള ഞാൻ
കരുതി വയ്ക്കും

അതിനുള്ളിലിരുന്ന്‌
കത്തുന്നൊരാളുടെ നിലവിളികൾ
അവളുടെ ബാല്യത്തിനെ അറിയിക്കാതെ.

Thursday, December 2, 2010

ചിലര്‍


sona g
ചിലര്‍
അങ്ങനെയാണ്.

ദു:ഖം വരുമ്പോള്‍
സത്രമാക്കി കളയും നമ്മെ .
നിശ്വാസകാറ്റിനാല്‍
പുളകിതരാവും അവര്‍ .
സഹായവും തോളിലേറ്റി
സഞ്ചരിക്കും വിദൂരതയിലേക്ക്...
സത്രം അടഞ്ഞുകിടക്കുന്നതും ,
വിങ്ങുന്നതും അവര്‍ സന്തോഷിക്കുമ്പോഴാണ്.
ഇപ്പോള്‍ ഒരു മുട്ട് കേള്‍ക്കുന്നുണ്ടോ
വാതില്‍ക്കല്‍ ?

ഉറപ്പിക്കാം ,
ദു:ഖം ആരെയോ അതിന്റെ ചുടുവിരല്‍ കൊണ്ട്
തൊട്ടിരിക്കാം....