Tuesday, August 18, 2009

രണ്ടു കവിതകള്‍-ജയന്‍ എടക്കാട്


പൂജ.
എന്റെ ക്ഷേത്രത്തില്‍
എന്റെ കസേരയുടെ കൈത്താങ്ങിനെ
ഞാന്‍ പൂജിക്കുന്നു.
അതിന്റെ മിനുസം
എന്നെ സന്തോഷിപ്പിക്കുന്നു.
സന്തോഷം
പ്രണയത്തിലേയ്ക്കും
പ്രാര്‍ത്ഥനയിലേക്കും
ത്യാഗത്തിലേക്കും
സ്നേഹത്തിലേക്കും
രതിയിലേക്കും കൊണ്ടുപോകുന്നു.
പിന്നെ,
എന്റെ കസേരയുടെ മിനുസ്സമുള്ളകൈത്താങ്ങ്
എന്നെ എനിയ്ക്ക് തിരികെ തന്നു മടങ്ങുന്നു.


ജനാല.

ചുവരുകള്‍ക്കിടയിലിരുന്ന്
രാത്രികളില്‍
അകത്തു നിറഞ്ഞ വെളിച്ചത്തെ
പുറത്തെ മുറ്റത്ത്
ഒരുപ്രകാശചതുരം കൊളുത്തിടുന്നു.

അതിന്റെ അഴികളെല്ലാം -
ഇരുട്ടിന്റേതായിരുന്നു.

ഇത്രയും വരികള്‍ നിങ്ങള്‍ക്കു
കൌതുക മുണ്ടാക്കുന്നുവോ?
കൌതുകം ആനന്ദമാണെന്നൊരു
പഴമൊഴിയുണ്ടായിരുന്നെങ്കില്‍
നിങ്ങള്‍ ആനന്ദവേട്ടയ്ക്കിറങ്ങിയ
ജീവിയല്ലെ

അതുകൊണ്ടല്ലെ ഈരചന
വായിക്കാനെത്തിയത്.

രണ്ടു കവിതകള്‍--സി. പി ദിനേശ്

തണല്‍ തേടുന്ന ശിഖരങ്ങള്‍

തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന്‍ മനമൊന്നുണര്‍ന്നു.

പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!

കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!

തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു

ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!


നായാട്ട്
ചാരം മൂടിയ
അടുപ്പിനരികിലെ
പഴകിയ മണ്‍കലത്തില്‍
കവിത തപ്പി എത്തിനോക്കി

വിശപ്പാകാം
ഇന്നത്തെ ഇര!

കാലത്തിന്റെ
പുകയും പൊടിയും
കുടഞ്ഞനക്കിയ കലം,
വിശപ്പെന്തന്നറിയാമോ
എന്ന ചോദ്യമെറിഞ്ഞു.

അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു. .

തുറിച്ച രണ്ടു കണ്ണുകള്‍
തിന്നു തീര്‍ത്തപ്പോള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !