Tuesday, January 25, 2011

ഐസ് ക്യൂബുകള്‍


dona mayura

തമ്മില്‍ പിരിയുന്നത് എങ്ങിനെയായിരിക്കണം
എന്നതിനെപ്പറ്റിയായിരുന്നു കണ്ടുമുട്ടിയപ്പോഴെ
ഞാന്‍ ചിന്തിച്ചിരുന്നത്,
അത്രമേല്‍ നിന്നെ ഇഷ്ടമായത് കൊണ്ട്.

ഇലകൊഴിയുന്നൊരു മഞ്ഞുകാലത്ത്
ഇനിയും മരവിച്ചിട്ടില്ലാത്തൊരു പാര്‍ക്ക് ബഞ്ചില്‍‍,
കാലം കൊണ്ടു വച്ച
രണ്ട് ഐസ് ക്യൂബുകള്‍ പോലെ നമ്മള്‍.

അരിച്ച് കയറുന്ന തണുപ്പിനെ
തുളച്ച് കയറുവാനാവാതെ
നട്ടുച്ചയുടെ വെയില്‍
നമുക്കുമേല്‍ കുടപിടിക്കും.

മടിച്ച് മടിച്ച് തണുപ്പിറങ്ങി,
ഉരുകി ഒലിച്ചിട്ടും
വേര്‍പിരിയാനാവാതെ,
ബഞ്ചില്‍ നിന്നും
ഒലിച്ചിറങ്ങി
ഒന്നിച്ച്
നാം
ഒഴുകിയൊഴുകി പോകും.

നമുക്കുമേല്‍ അപ്പോള്‍
ഇരുളും വെളിച്ചവുമൊരു പിയാനോ ആകുന്നു,
കാലം നമ്മുടെ പ്രണയസങ്കീര്‍ത്തനം
ആ പിയാനോയില്‍ വായിക്കുന്നു.

മുകളില്‍ തിളച്ച് മറിയുന്ന കടലും,
താഴെ ചിറകുകളില്‍ തീപ്പിടിച്ച
മേഘഗര്‍ജ്ജനത്തിന്റെ അലകളും
മറ്റുള്ളവര്‍ അന്നേരം
കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

പ്രണയത്തെക്കുറിച്ച്
എനിക്കൊന്നും അറിയുകയില്ലെന്നും,
പ്രണയത്തെക്കുറിച്ച് മാത്രം
ഞാനൊരിക്കലും എഴുതുകയില്ലെന്നും
നിന്നോട് ഞാനന്നേ പറഞ്ഞതല്ലെ!