Wednesday, October 6, 2010

കഥ തുടരുന്നു...


abraham joseph


കഥ തുടരുന്നു...
എന്‍റെ ദിവാസ്വപ്നങ്ങളില്‍
മുഖമില്ലാത്ത ഒരു പെണ്ണിന്‍റെ
നഗ്നശരീരം എന്നെ വേട്ടയാടുന്നു,
കൊതിപ്പിക്കുന്നു.


*
പ്രണയമെന്നാല്‍ വിരഹമെന്നും
വിരഹമെന്നാല്‍ വേദനയെന്നും
വേദനയെന്നാല്‍ മുറിവെന്നും
പുറത്തുവന്ന അവന്‍റെ ഹൃദയം
കാട്ടിത്തന്നു, വലിയ ഒരു വടുവുള്ള
അവന്‍റെ ഹൃദയം


*
മുന്നില്‍ക്കാണുന്ന ചിത്രങ്ങളുടെ
നിറം മങ്ങിവരുമ്പോഴാണവന്
മനസ്സിലായത് അവന്‍റെ കാഴ്ച
നഷ്ടപ്പെടുന്നുവെന്ന്

*

മേഘാവൃതമായ ആകാശത്തെ നോക്കി
അവന്‍ പാടിയിരുന്നു, പിന്നീട്
മഴപെയ്തപ്പോള്‍ അവന്‍റെ
പാട്ടുകള്‍ മോഷ്ടിച്ച് അതിലെ ലിംഗരൂപങ്ങള്‍
മാറ്റി അവള്‍ അത് മറ്റൊരുവനായി പാടി.
പാട്ടുകേട്ടവന്‍ അവളുടെ
കഴുത്തില്‍ അണിയിച്ചു സര്‍പ്പ-
ത്തിന്‍റെ തലയുള്ള ഒരു താലിമാല


*
മഞ്ഞുമൂടിയ വഴികളിലൂടെ
നടന്നപ്പോള്‍ അവര്‍ കൈകള്‍
കോര്‍ത്തുപിടിച്ചിരുന്നു, പിന്നീട്
ആളൊഴിഞ്ഞ ഒരീറ്റക്കുടിലില്‍
അവള്‍ കിടന്നപ്പോളവരുടെ കാലുകള്‍
പിണഞ്ഞുകിടന്നിരുന്നു.
പിന്നീടവന്‍ മാത്രമായപ്പോള്‍
അവന്‍റെ കാലുകള്‍ ഒരുമിച്ച്
കൂട്ടി ബന്ധിച്ചിരുന്നു,
അവള്‍ വച്ചെ ഒരുണങ്ങിയ പൂവ്
മാത്രമായിരുന്നു അവന് കൂട്ട്

*
നൊമ്പരം വിടവാങ്ങിയ താഴ്വരകളിലവന്‍
അലഞ്ഞു നടന്നിരുന്നു.
വേണുഗാനമോ, ശീതലഛായയോ
ഇല്ലാതെ; അവന്‍റെ ഉള്‍വശം
പൊള്ളയായിരുന്നു.
അതാവാം, ആ തടാകത്തിലവന്‍
പൊങ്ങിക്കിടന്നിരുന്നത്,
നഗ്നനായി, വെറും നഗ്നനായി....


*
ഒരു കാറ്റു വന്നെന്‍റെ ചെവിയില്‍ മൂളി,
മേലേ മരങ്ങള്‍ക്ക് ചുവട്ടില്‍ തീ കായുന്ന
ഒരു പൊന്‍മുകില്‍ ഉണ്ടെന്ന്,
കരയാന്‍ വെമ്പിയിരിക്കുന്ന
ഒരു പൊന്‍മുകില്‍.
പക്ഷെ, മുകളിലേക്കോടുവാന്‍ അവന്
ശക്തിയുണ്ടായിരുന്നില്ല.
അതിനാലവണം, കുറെ സമയത്തിനുശേഷം
ഒരു തുള്ളി സ്വര്‍ണം അവന്‍റെ കാലില്‍
മഴയായി വന്നു പതിച്ചത്.

*
തെരുവുനാടകക്കാര്‍ മറന്നിട്ട് പോയ
ഒരു ചെണ്ടക്കോല്‍ കിട്ടി അവന്,
താളം പിടിക്കാന്‍ ഒരു കൈയ്യും, പിന്നെ-
യൊരു തുകല്‍പ്പുറവും തേടിനടന്ന
ഒരു ഒടിഞ്ഞ ചെണ്ടക്കോല്‍.
മേളത്തിന്‍റെയൊടുവില്‍
താളത്തിനും ശബ്ദ്ത്തിനുമിടയില്‍
ഒടിഞ്ഞ, കാലത്തിന്‍റെ ദൃക്സാക്ഷിയായി
ആ കോല്‍ അവന്‍റെ കയ്യിലിരുന്നു വിറച്ചു.

*

റോഡുവക്കിലെ ചുവന്ന തപാല്‍പ്പെട്ടി
എന്നെ നോക്കി ചിരിക്കുന്നു,
വാക്കുകള്‍ വിടരാത്ത സന്ധ്യകളില്‍
വാക്കുക്കളുടെ പൂന്തോട്ടം തേടിപ്പോയ എന്നെ.
ഒരുപാട് പ്രണയങ്ങളെ ഉള്ളില്‍ സുക്ഷിച്ച
ആ പെട്ടി,
ഉള്ളിന്‍റെയുള്ളില്‍ പ്രണയത്തിന്‍റെ അണയാന്‍
പോകുന്ന തീക്കനലുമായി നടക്കുന്ന എന്നെ
നോക്കി ദാഹത്തോടെ നില്ക്കുന്നു,
അവനെപ്പോലെ, അകം പൊള്ളയായ
എന്നെത്തന്നെ നോക്കി ചിരിക്കുന്നു