Tuesday, August 18, 2009

രണ്ടു കവിതകള്‍--സി. പി ദിനേശ്

തണല്‍ തേടുന്ന ശിഖരങ്ങള്‍

തണുത്തു പെയ്യുന്ന കര്‍ക്കിട മഴകേട്ടു
കുതിര്‍ന്ന വിത്തിന്‍ മനമൊന്നുണര്‍ന്നു.

പത്തായപ്പുരയുടെ ഇരുണ്ട ഗന്ധം
ഊഷര സ്വപ്നമായ് നോക്കിച്ചിരിച്ചു!

കൊമ്പിലെ ഉപ്പന്റെ നേര്‍ത്ത ഞരക്കം
ദുശ്ശകുനംപോലെ പൊള്ളിച്ചു പെയ്യ്തു!

തെറ്റുശരികള്‍ തൂക്കിയെടുത്തപ്പോള്‍
മഴയുടെ ശരികള്‍ വരമ്പുകള്‍ തീര്‍ത്തു

ഉള്ളിലെ ഉറവകള്‍ വറ്റിതുടങ്ങുമ്പോള്‍
ഒട്ടും മടങ്ങിപ്പോകാനാവാതെ,
പത്തായപ്പുരയുടെ മാറാല സ്വപ്നത്തിലേറ്റി,
കടുത്ത കവചത്തിലൊതുങ്ങി ഒടുങ്ങി!


നായാട്ട്
ചാരം മൂടിയ
അടുപ്പിനരികിലെ
പഴകിയ മണ്‍കലത്തില്‍
കവിത തപ്പി എത്തിനോക്കി

വിശപ്പാകാം
ഇന്നത്തെ ഇര!

കാലത്തിന്റെ
പുകയും പൊടിയും
കുടഞ്ഞനക്കിയ കലം,
വിശപ്പെന്തന്നറിയാമോ
എന്ന ചോദ്യമെറിഞ്ഞു.

അരിച്ചെത്തിയ പകല്‍ വെളിച്ചം
പൊടിയിടം കൊണ്ട് പുഞ്ചിരിച്ചു. .

തുറിച്ച രണ്ടു കണ്ണുകള്‍
തിന്നു തീര്‍ത്തപ്പോള്‍
പൊട്ടക്കലത്തിന്റെ വിശപ്പടങ്ങി !