Sunday, May 24, 2009

പാഞ്ചാലിക്കൊന്ന -ഒ. എന്‍. വി


കാണികള്‍ നോക്കിനിന്നു രസിക്കെ,
വേനല്‍ വന്നു നിന്‍ വസ്ത്രമുരിഞ്ഞു.
"അരുതീക്രൂരത"യെന്നു വിലക്കാന്‍
ചെറുവിരല്‍ പോലുമൊന്നനക്കാതെ
നിസ്സഹായരായിത്തൊടിതന്നില്‍
നില്‍പതില്ലെത്ര വൃക്ഷഭീമന്‍മാര്‍!
ഉള്‍ക്കളത്തിലെ ധര്‍മ്മരോഷത്തിന്‍
അഗ്നിയൂതിക്കെടുത്തിയതാരോ?
അതിസമര്‍ത്ഥ കരുക്കള്‍ നിരത്തി
അടിമകളാക്കി നിന്നുടയോരെ
. ചാരുവാം ഹരിനീലവര്‍ണത്തിന്‍
ഛായകള്‍ നിഴലിച്ചിടും നിന്‍റെ
ചേലയിലവന്‍ കൈവച്ചു,നഗ്ന
മേനിയാക്കാനുഴറുന്നു നിന്നെ!.
ഊര്‍ദ്ധ്വബാഹുവായ്‌നിന്നു നീയാരെ
പ്രാര്‍ത്ഥനാലോലമുറ്റു നോക്കുന്നു. ?
പൂവരശിന്‍റെ ധര്‍മ്മവ്യസനം
തൂവും കണ്ണീരില്‍ ചോരച്ചുവപ്പോ?
നിഷ്ക്രിയയത്വത്തിന്‍ രോഷവും വ്യര്‍ത്ഥം
നിഷ്ടൂരമാം വിടത്വത്തിന്‍ മുന്നില്‍ !
നിന്‍റെ ദീനവിലാപമീയുഷ്ണ-
ചണ്ഡവാതത്തില്‍ മുങ്ങിമായുന്നൂ.
ഒടുവില്‍ നീയറിയുന്നു:നിന്‍ രക്ഷ
യ്ക്കൊരുവരും വരാതില്ലയിക്കാലം!
നിന്‍റെ രക്ഷയ്ക്ക്‌ നി തന്നെ!-നൊന്തു
നൊന്തുരുകും നിന്‍ ജീവനില്‍ നിന്നും,
നിന്‍ ഞരമ്പുകളോരോന്നില്‍ നിന്നും
ഇന്നു നീ സ്വയം നെയ്തെടുത്തല്ലോ
നിന്നെ മൂടുമീ പൊന്നുടയാട. !
നിന്നഭിമാനം നീ തന്നെ കാത്തു!
ഒന്നിനി കണികാണട്ടെ, യെന്‍റെ
മണ്ണില്‍ മാനിനിയാം മകള്‍ നിന്നെ!

BACK