Sunday, April 18, 2010

അച്ഛൻ പരിധിക്കു പുറത്താണ്‌


asha sreekumar
മരണവീടിന്റെ ഉമ്മറം ശാന്തമായിരുന്നു. വെളിയിൽ നിന്നുകൊണ്ട്‌ നോക്കിയാൽ അവിടെ ആരെങ്കിലും മരണപ്പെട്ടതായി തോന്നുകില്ല. നാലോ അഞ്ചോ പേർ മുറ്റത്തും കാർപോർച്ചിലുമായി നിൽപ്പുണ്ട്‌. അവർ മരിച്ച വ്യക്തിയുടെ അടുത്ത ബന്ധത്തിൽപ്പെട്ടവരാണെന്നു വേണമെങ്കിൽ ഊഹിക്കാം.
വീടിന്റെ ഉള്ളിൽ നിന്നും നിലവിളിപോയിട്ട്‌ ഒരു തേങ്ങൽപോലും ഉയർന്നു കേൾക്കുന്നില്ല. ചെറിയ മുറുമുറുപ്പും കുശുകുശുപ്പുമുണ്ട്‌. ഇടയ്ക്കേതോ ഒരു കുട്ടിയുടെ കരച്ചിൽ; അതിനെയാകേ ശാസിക്കുന്ന സ്വരം. കരച്ചിൽ പെട്ടെന്നുനിലച്ചു.
ആഡംബരപൂർവ്വം അലങ്കരിച്ചിട്ടുള്ള വിസ്തൃമായ ഹാളിന്റെ നടുക്കായി വെള്ളത്തുണിയിൽ പുതച്ച്‌ ഒരു മൃതദേഹത്തെ കിടത്തിയിരിക്കുന്നു. കറുത്തു കരിവാളിച്ച്‌ കവിളൊട്ടി നരച്ചുകുറ്റിത്താടിയുള്ള ഒരു മെലിഞ്ഞരൂപം. തലക്കൽ ഒരു ചെറിയ നിലവിളക്കിരുന്നെരിയുന്നു. ഉടച്ചുവച്ച തേങ്ങാ മുറികളിലെ ചാക്കാലദീപം നുണയാറായി. ശവക്കച്ചയുടെ പുറത്ത്‌ വാർഡ്‌ റസിഡന്റ്സ്‌ അസോസിയേഷന്റെ ഒരു റീത്ത്‌. അതുവാടിത്തുടങ്ങി.
മതിൽക്കെട്ടിനു പുറത്തുനിന്ന ഒരാൾ അയാളുടെ അടുത്തുനിന്ന ആളിനോട്‌ പതുക്കെ ചോദിച്ചു.
"ബന്ധുക്കളാരും വന്നില്ലേടോ?"
"ചെലരൊക്കെ വന്ന്‌ മൊകം കാണിച്ചിട്ട്‌ അപ്പത്തന്നെ സ്ഥലം വിട്ടു."
"അടുത്ത ആൾക്കാരെയൊന്നും കണ്ടില്ല, എന്താപറ്റ്യെ?"
"എന്തോ പറ്റാനാ. സകലോരോടും മുഷിച്ചിലിലാ. വല്യ എടുത്താപ്പൊങ്ങാത്ത ഉദ്യോകോം പണോം മാണിയറ കെട്ടിടോമൊക്കെ ഒണ്ടായിട്ടെന്താ? തൊട്ടടുത്ത വീട്ടുകാർപോലും തിരിഞ്ഞുനോക്കീല്ല. അത്രക്കേയുള്ളു എഞ്ചിനീരെ സഗകരണം."
"എങ്ങനാ അപ്പം ബാക്കികാര്യങ്ങള്‌?"
"വായ്ക്കരിയിടാനോക്കെ ആരുല്ല. അല്ലേലും അതൊക്കെ കൊറച്ചിലല്യോ! മോളെത്തിയാലൊടനെ കറണ്ടില്‌ കൊണ്ടുവച്ച്‌ കത്തിക്കാനാ പ്ലാണ്‌."
രണ്ടുനിലവീടാണത്‌. ലാന്റ്സ്കേപ്പ്‌ ചെയ്തു ഭംഗിയാക്കിയ മുറ്റം. കാവിപൂശിയ വലിയ സിമന്റു ചട്ടികളിൽ കടുത്ത നിറങ്ങളിലുള്ള ഇലച്ചെടികൾ. വൃത്താകൃതിയിലുള്ള താമരക്കുളം; ഫൗണ്ടൻ. മുകളിലത്തെയും താഴ്ത്തെയും ചുമരുകളിൽ മൂന്നു ഏസി ഫിറ്റ്‌ ചെയ്തിട്ടുണ്ട്‌. പോർച്ചിൽ കൊട്ടാരംപോലൊരു പുതിയ കാറും പഴയ ഫിയറ്റും പിന്നൊരു സ്കൂട്ടിയും. മതിലിന്റെ മൂലയോട്‌ ചേർന്ന്‌ കമ്പിക്കൂട്ടിൽ കൂറ്റനൊരു നായ. ചൈനീസ്‌ പഗ്ഗാണിനം. അത്‌ അസ്വസ്ഥനായി ഉലാത്തുകയും ഇടക്കിടെ ഉച്ചത്തിൽ കുരക്കുകയും ചെയ്യുന്നുണ്ട്‌.
വിലകൂടിയ ഗ്രാനൈറ്റ്‌ ഫലകങ്ങൾ പതിപ്പിച്ച നീളൻവരാന്തയിൽ കറുത്തു തടിച്ച ഒരാൾ നിസംഗനായിരിപ്പുണ്ട്‌. ക്ലീൻഷേവ്‌. ഡൈ ചെയ്തിരിക്കുന്നത്‌ വ്യക്തമായി പ്രകടിപ്പിക്കുന്ന തലമുടി. കട്ടിമീശ. ടീപ്പോയിൽ കിടന്ന ഹിന്ദുപത്രം അലക്ഷ്യമായി മറിച്ചുനോക്കിയിട്ട്‌ വീണ്ടും അവിടത്തന്നെയിട്ടു. സാന്റോ ബനിയനും കസവുമുണ്ടുമാണ്‌ വേഷം. ശരീരമാസകലം കറുത്തരോമങ്ങൾ. നെറ്റിയുടെ ഇരുവശവും നീലകലർന്ന കറുപ്പ്‌. കഴുത്തിലും കൈത്തണ്ടയിലും വിരലുകളിലും സ്വർണ്ണാഭരണങ്ങൾ. സർക്കാർ തലത്തിൽ ഉയർന്ന ഉദ്യോഗം വഹിക്കുന്ന വ്യക്തിയെന്നു ബോധിപ്പിക്കുന്ന നെയിം ബോർഡ്‌ ഭിത്തിയിൽ പതിച്ചിട്ടുണ്ട്‌.
മോഹനചന്ദ്രൻനായർ എക്സിക്യൂട്ടീവ്‌ എഞ്ചിനീയർ പി.ഡബ്ല്യുഡി.
അകത്തുനിന്നും വെളുത്തുതുടുത്ത സുന്ദരിയും പ്രൗഡയുമായ ഒരു സ്ത്രീ പുറത്തേക്കിറങ്ങി വന്നു. അവരുടെ മുഖത്ത്‌ ഏതോ ഒരനിഷ്ടത്തിന്റെ തിരയിളക്കമുണ്ട്‌. മോടിയിൽ വസ്ത്രം ധരിച്ച അവരും അയാളെപ്പോലെ തന്നെ ആവശ്യത്തിലധികം ആഭരണങ്ങൾ വാരിയണിഞ്ഞിരുന്നു. അയാളുടെ അടുത്തുവന്ന്‌ ഗൗരവത്തിൽ ചെവിയിലെന്തോ രഹസ്യമോതി. അൽപനേരം നെറ്റിചുളിച്ച്‌ അവരുടെ നേരെനോക്കിയിട്ട്‌ അയാൾ പറഞ്ഞു.
"പോകാൻ പറ. ഇന്നിനി ഇവിടെ ഒന്നും നടക്കത്തില്ലെന്ന്‌ പറഞ്ഞില്ലോ?"
"ആവുന്നത്ര പറഞ്ഞുനോക്കി. പോകാതെന്തുചെയ്യും. അടിച്ചിറക്കാൻ പറ്റുമോ? അമ്മാവന്റെ പഴേപ്രതാപോം വർണ്ണിച്ചോണ്ടിരിക്കുവാ."
"മുഷിയുന്നെങ്കിൽ മുഷിയട്ടെ. കടുപ്പിച്ചങ്ങ്‌ പറഞ്ഞേര്‌. സ്ഥലം മിനക്കെടുത്താനായി ഓരോന്ന്‌ വന്നിരുന്നോളും.
ആ സ്ത്രീ ഗൗരവം വിടാതെതന്നെ അകത്തേക്കുപോയി. അൽപം കഴിഞ്ഞപ്പോൾ അകലെ നിന്നുവന്ന ഗ്രാമീണരെപ്പോലെ നാലഞ്ചുപ്രകൃതരായ സ്ത്രീകളും കുറേ കുട്ടികളും രണ്ടു മൂന്നു യുവതികളും ഒരു വൃദ്ധനും വിഷാദത്തോടെ പുറത്തേക്കിറങ്ങി വന്നു. എഞ്ചിനീയർ പത്രമെടുത്തു പിടിച്ച്‌ മുഖം മറച്ചു. ഒരു യാത്രപറച്ചിൽ ഒഴിവാക്കാനായിരുന്നു ആ വിലകുറഞ്ഞ തന്ത്രം.
പോർച്ചിൽ പുകവലിച്ചുകൊണ്ട്‌ നിന്ന യുവാവിനെ എഞ്ചിനീയർ കണ്ണുകൾകാട്ടി അകത്തേക്കു വിളിച്ചു. ബീഡിത്തുണ്ട്‌ ദൂരെകളഞ്ഞശേഷം മുണ്ടിന്റെ മടക്കിക്കുത്ത്‌ അഴിച്ചിട്ട്‌ ഭവ്യതയോടെ അവൻ പടിയിലേക്കുകയറി ഒതുങ്ങിനിന്നു.
"അപ്പഴേ എങ്ങനാടോ കാര്യങ്ങള്‌?"
"അതു ഞാനും അങ്ങോട്ടു ചോദിക്കാൻ തൊടങ്ങുവാരുന്നു മാമാ വെളുപ്പിനു മൂന്നുമണിക്ക്‌ മരിച്ചതല്ലേ! നേരത്തോടുനേരം കഴിഞ്ഞിട്ടും എടുക്കാതെ ഇട്ടോണ്ടിരിക്കണതത്രപന്തിയല്ല. പോരങ്കി സൂക്കേടുകാരനും."
മറ്റാരും കേൾക്കാതെയാണ്‌ അവനത്രയും പറഞ്ഞത്‌.
"ശ്ശൊ, എന്നുപറഞ്ഞാലെങ്ങാടേ? അവൾ തിരിച്ചിട്ടുണ്ടെന്നല്യോ ഫോണിക്കൂടി പറഞ്ഞെ. പുറപ്പെട്ട സ്ഥിതിക്ക്‌...?"
"എന്നാപ്പിന്നെ ഐസുപെട്ടീലോട്ട്‌ കേറ്റിവക്കാനൊള്ള ഏർപ്പാടൊണ്ടാക്കണം. പെങ്ങള്‌ വന്നേനുശേഷമെടുക്കാം. ഇപ്പൊത്തന്നെ ചെറിയ വാടയടിച്ചുതൊടങ്ങീട്ടൊണ്ട്‌."
"അതൊക്കെ ചെലവൊള്ള കാര്യങ്ങളാടോ. അവൾ വന്നിട്ട്‌ കൈമലർത്തും. പിന്നെന്റെ തലേലാവും ആ കുരിശും കൂടി. ആശുപത്രിച്ചെലവിൽ തന്നെകൊറേ തൊലച്ചതാ. ജീവിച്ചിരുന്നപ്പോൾ അവളോടായിരുന്നു അച്ഛന്‌ കൂടുതലിഷ്ടം. ഷെയറിന്റെ മുക്കാൽപങ്കും അവൾക്കല്ലേ എഴുതിക്കൊടുത്തത്‌. എന്റെ ഇഷ്ടത്തിനെന്തേലും ചെയ്താ അത്‌ പിന്നീടൊരു ഇഷ്യു ആവും. ബോഡിപോലും കാണാൻ സമ്മതിച്ചില്ലെന്നു പറഞ്ഞ്‌ അവൾ ബഹളമുണ്ടാക്കും."
"ജയശ്രീച്ചീം ഭർത്താവും കുട്ടികളും വെളുക്കും മുന്നേ എത്വായിരിക്കും ഇല്യോ?"
"ആ"
അയാൾ കൈ മലർത്തി. ചെറുപ്പക്കാരൻ ഇനി എന്തുവേണമെന്ന മട്ടിൽ എഞ്ചിനീയറുടെ മുഖത്തേക്കു നോക്കി വെറുതെ നിന്നു. അവനെ അൽപം കൂടി അടുത്തേക്കു വിളിച്ച്‌ ചുമലിൽ കൈവച്ചുകൊണ്ട്‌ എഞ്ചിനീയർ പറഞ്ഞു.
"ആ നിക്കുന്നോമ്മാരടുത്തു പോയി കാര്യമങ്ങവതിപ്പിക്ക്‌. ഏറ്റവും അടുത്ത സ്വന്തക്കാരനെന്നുപറയാൻ ഇനി താൻ മാത്രമേയുള്ളു താനും പോയിക്കിടന്നുറങ്ങിയിട്ട്‌ വെളുപ്പിനേയിങ്ങ്‌ പോന്നേര്‌."
അവൻ പുറത്തു നിന്നവരോടെന്തോ പറഞ്ഞു. ഉടൻതന്നെ അവരെല്ലാം ഇറങ്ങിപ്പോയി. അവൻ പിന്നെയും തലചൊറിഞ്ഞുനിന്നപ്പോൾ എഞ്ചിനീയർ ഉണർത്തിച്ചു.
"അതൊക്കെ രാവിലെ ആകട്ടെടോ. ആ പട്ടിയെക്കൂടി കൂട്‌ തുറന്നു വിട്ടിട്ട്‌ ഗേറ്റങ്ങ്‌ ചാരിയേക്ക്‌. ഇനി ആരുവന്നാലും അകത്തോട്ടുകേറ്റുന്നില്ല. നേരമിരുട്ടി."
പട്ടിയെ കൂടു തുറന്നുവിട്ടിട്ട്‌ ഗേറ്റ്‌ ചാരി അകത്തെ കുറ്റിയിട്ടശേഷം അവൻ ഇരുട്ടിലേക്കിറങ്ങി. സ്വതന്ത്രനായ ആഹ്ലാദത്തിൽ നായ ഉച്ചത്തിൽ കുരച്ചു.
എഞ്ചിനീയർ ഗേറ്റുപൂട്ടിയ ശേഷം പുറത്തെ ലൈറ്റുകളെല്ലാം ഓഫാക്കി പ്രധാനവാതിൽ അകത്തുനിന്നും ബന്ധിച്ചു. അച്ഛന്റെ മൃതദേഹത്തെ ഒന്നുകൂടി നോക്കിയശേഷം മൂക്കുപൊത്തിക്കൊണ്ട്‌ മുണ്ടുവലിച്ച്‌ മുഖത്തിട്ടു. അലമാരിയിൽ നിന്നും മുന്തിയ ഒരു കുപ്പിസ്കോച്ചും ഗ്ലാസ്സുമെടുത്ത്‌ ടൈനിംഗ്‌ ടേബിളിൽ വയ്ക്കുമ്പോൾ ഭാര്യ കുളികഴിഞ്ഞ്‌ തലമുടിയിൽ ചുറ്റിയ ഈറൻ ടൗവലോടെ അടുത്തുവന്നു കസേരയിലിരുന്നു.
"ഞാനൊന്നുകുളിച്ചു എന്തൊരു വിയർപ്പാ ദേഹം മുഴുവനും."
"ഉം"
എഞ്ചിനീയർ ഒന്നുമൂളിയിട്ട്‌ ഒരു ലാർജൊഴിച്ച്‌ സോഡചേർത്ത്‌ ഒറ്റപ്പിടി.
"കുറച്ചുചിക്കൻ റോസ്റ്റ്‌ ഫ്രിഡ്ജിലിരിപ്പൊണ്ട്‌. ഓവനിൽവച്ച്‌ ചൂടാക്കിയെടുക്കട്ടൊ?"
"വേണ്ട"
അണ്ടിപ്പരിപ്പെടുത്തു കൊറിച്ചുകൊണ്ടയാൾ അടുത്ത ലാർജൊഴിക്കാൻ തുടങ്ങി. ഇത്തവണ സോഡ ചേർത്തില്ല. മൂന്നാമതൊന്നുകൂടി ഒഴിച്ച്‌ മാറ്റി വച്ചിട്ട്‌ അണ്ടിപ്പരിപ്പോരോന്നായി വായിലേക്കിടാൻ തുടങ്ങി.
"എന്നാ ചോറെടുക്കാം. അവിയലും പുളിശേരിയും ഇന്നലത്തെഫിഷ്കറിയും പിക്കിളുമുണ്ട്‌. വേണേൽ അഞ്ചാറുപപ്പടോം കൂടി കാച്ചാം."
"ഇതിനെടക്ക്‌ ചോറൊക്കെനീയെപ്പം റെഡിയാക്കി!"
"ജോലിക്കാരി ലതികാമണി രാവിലെവന്ന്‌ എല്ലാം എടുത്തോണ്ടുപോയി അവളുടെ വീട്ടിൽ കൊണ്ടിട്ടുവച്ച്‌ കൊണ്ടുവന്നു. ആരുമറിഞ്ഞില്ല. പിള്ളാർക്ക്‌ അച്ചാച്ചൻ മരിച്ചെന്നുപറഞ്ഞാ എന്തോ മനസ്സിലാകാനാ. സമയത്തു കഴിച്ചില്ലെങ്കിൽ ഇങ്ങനെവിധം മാറും. ലതികയതുമനസിലാക്കിപ്പെരുമാറി."
"നീ വല്ലതും കഴിച്ചോ?"
മൂന്നാമത്തെ ലാർജയാൾ പതുക്കെ സ്വിപ്‌ ചെയ്യാൻ തുടങ്ങി. ഇടക്കൊന്നുകൂടി ആ മൃതദേഹത്തിലേക്കു കണ്ണോടിച്ചു. സ്വന്തം അച്ഛന്റെ ശവമാണ്‌ മുന്നിൽ അനാഥമായി കിടക്കുന്നത്‌.
തലമുടിയിലെ ടൗവ്വൽ അഴിച്ചുമാറ്റിയിട്ടാ സ്ത്രീ പറഞ്ഞു.
"പിള്ളാരുടെ കൂടെയിരുന്ന്‌ ഞാനൽപ്പം കഴിച്ചു ബ്രേക്ക്‌ ഫാസ്റ്റ്‌ പോലും ശരിയായില്ല. ഉച്ചക്കൊന്നും കഴിക്കാതെ എത്രനേരമെന്നുവച്ചാ?"
"മക്കളുറങ്ങിയോ!"
"ഇളയവൾ സീഡിയിട്ടുകാണുവാ, സ്പിൽബർഗ്ഗിന്റെ അടിപൊളിയൊരു സിനിമ. ആത്തിമോൾക്ക്‌ മറ്റന്നാൾ എക്സാം തുടങ്ങും. അവൾ അവളുടെ മുറിയിലിരുന്നു പഠിക്കുന്നു."
നാലാമത്തെ ലാർജ്ജൊഴിച്ചപ്പോൾ ഭാര്യ എഞ്ചിനീയറെ ഉപദേശിച്ചു.
"മതി. വന്ന്‌ വല്ലതും കഴിക്ക്‌. വെറും വയറ്റിലിങ്ങനെ വലിച്ചുകേറ്റാതെ."
എഞ്ചിനീയർ ഒരു സിഗററ്റ്‌ കത്തിച്ചു. ഒരുപിടി അണ്ടിപ്പരിപ്പു വാരി വായിലിട്ടുകൊണ്ട്‌ എഴുന്നേറ്റു. മൂക്കുപൊത്തിയശേഷം ർറൂം സ്പ്രേയെടുത്തു മൃതദേഹത്തിൽ നാലഞ്ചുതവണ അടിച്ചു അതുപിന്നെ മറ്റൊരു ഗന്ധമായിപരന്നു.
"ഹും. എന്തൊരു വാട. നാളെ രാവിലേയാകുമ്പം ഒരു പരുവമാകും."
ഭാര്യയും മൂക്കുപൊത്തി. എഞ്ചിനീയർ ഹാളിലെ ലൈറ്റുകൾ കെടുത്തി. ഇരുട്ടിൽ ജഡം മാത്രം തനിച്ചായി. നിലവിളക്കിലെ തിരിനാളവും അയാൾതന്നെ ഊതിക്കെടുത്തി.
"നേരം വെളുക്കും മുന്നേ ആ പെണ്ണിങ്ങെത്തിയാ മതിയായിരുന്നു."
"അതെങ്ങനാ? അവളുടെ ഹസ്ബന്റ്‌ രാജഗോപാലൻനായർ ഇടക്ക്‌ വഴിയിലൊക്കെ കാർ നിർത്തി രണ്ടെണ്ണ മടിച്ച്‌ ഭക്ഷണമൊക്കെക്കഴിച്ച്‌ റിലാക്സ്‌ ചെയ്തിട്ടൊക്കെയേ വരത്തൊളളു. മദ്യപിച്ചു കഴിഞ്ഞാപ്പിന്നെ അയാളും സാവധാനമേ വണ്ടിയോടിക്കൂ! വെറുതെ നമ്മളു മാത്രമായിട്ടെന്തിനാ ഉറക്കമിളക്കുന്നേ!? അച്ഛൻ എങ്ങോട്ടും എഴുന്നേറ്റോടാൻ പോകുന്നില്ല."
"അപ്പോൾ ഒന്നും കഴിക്കുന്നില്ലേ?"
ഭാര്യ ചോദിച്ചതയാൾ കേട്ടതായിപ്പോലും ഭാവിക്കാതെ സിഗററ്റ്‌ കുറ്റി ആഷ്ട്രെയിൽ കുത്തിയണച്ചു. ബഡ്‌ർറൂമിലെ അവസാനവെളിച്ചവും കെടുത്തിയിട്ട്‌ ഏസി ഓണാക്കി രണ്ടുപേരും ഉറങ്ങാൻ കിടന്നു.
മുകളിലത്തെ മുറിയിൽ നിന്നും ആക്ഷൻ ത്രില്ലർ സിനിമയുടെ ഇടിമുഴക്കം അവിടാകെ പ്രതിധ്വനിച്ചു. പുറത്ത്‌ സിംഹഗർജനം പോലെ ചൈനീസ്‌ പഗ്ഗിന്റെ കുര ഉയർന്നുകൊണ്ടേയിരുന്നു.