Wednesday, May 19, 2010

അമേരിക്കൻ ഐക്യനാടുകളിലൂടെ -7


a q mahdi


ലാസ്‌വേഗാസ്‌ - ചൂതുകളിയുടെ ലോകതലസ്ഥാനം

ഇന്ന്‌, അമേരിക്കയിലെ ഞങ്ങളുടെ പതിനൊന്നാം ദിവസം.
ഇനി ഞങ്ങളുടെ അടുത്ത ലക്ഷ്യം 'ലാസ്‌വേഗാസ്​‍്‌' ആണ്‌. ഇത്‌ അമേരിക്കയിലെ ഏറ്റവും വലിയ ഒരു ടൂറിസ്റ്റ്‌ കേന്ദ്രവും ലോകത്തെ ഏറ്റവും വലിയ കസീനോയും (CASINO- GAMBLING CENTRE) ആണ്‌. ഈ പട്ടണം ഒരു മരുഭൂമിക്ക്‌ നടുവിലാണ്‌.
അമേരിക്കയുടെ തെക്കുകിഴക്കൻ നെവാദയിലെ ഒരു നഗരമാണിത്‌. നാലുലക്ഷം മാത്രം ജനസംഖ്യയുള്ള ഈ സിറ്റി, 'ദി സ്ട്രിപ്പ്‌' എന്നറിയപ്പെടുന്നു. പട്ടണത്തിന്റെ താഴ്‌ന്ന പ്രദേശം ആഡംബരപൂർണ്ണമായ ഹോട്ടലുകൾക്കും ചൂതാട്ടശാലകൾക്കും നിശാക്ലബ്ബുകൾക്കും പ്രസിദ്ധമാണ്‌. 1905-ൽ ഇത്‌ അമേരിക്കയുടെ റെയിൽപാതാ പട്ടണമായി അറിയപ്പെട്ടു. 1911-ൽ ഇത്‌ കോർപ്പറേഷനായി. ചൂതാട്ടം ഇവിടെ നിയമവിധേയമാക്കപ്പെട്ടത്‌ 1931-ലാണ്‌. അതിനുശേഷം ലാസ്‌വേഗാസിന്റെ വികസനം വളരെ പെട്ടെന്നായിരുന്നു. 1946-ൽ ഫ്ലാമിൻഗോ എന്നപേരിൽ വളരെ വലിയൊരു ഹോട്ടൽ ആരംഭിച്ചതോടെ നഗരം ക്രിമിനലുകളുടെ താവളമായി മാറി. അങ്ങിനെ, അധോലോകവുമായുള്ള ബന്ധം ലാസ്‌വേഗാസ്‌ നഗരത്തിൽ സർവ്വസാധാരണമായിത്തീർന്നു. 20-​‍ാം നൂറ്റാണ്ടിന്റെ അവസാനത്തിൽ അമേരിക്കയിലെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരപ്രദേശമായി മാറി ലാസ്‌ വേഗാസ്‌. വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന ജനസഞ്ചയത്തേയും, വിനോദസഞ്ചാരികളേയും ഈ പട്ടണം ആകർഷിക്കുന്നു.
ലാസ്‌വേഗാസിലേയ്ക്ക്‌ ഓർലന്റോയിൽ നിന്നും 6 മണിക്കൂർ വിമാനയാത്രാ ദൂരമുണ്ട്‌, ഏകദേശം 4000 കി.മീറ്റർ. ഞങ്ങളുടെ ഈ യാത്രയിലെ ഏറ്റവും സുദീർഘമായ ആഭ്യന്തരവിമാനയാത്രാ റൂട്ട്‌ ആണിത്‌. നേരിട്ട്‌ വിമാനമില്ല, ഫിലാഡൽഫിയയിലിറങ്ങി അടുത്ത വിമാനം കയറണം.
രണ്ടു വിമാനങ്ങൾ മാറിക്കയറി സന്ധ്യസമയത്താണ്‌ ലാസ്‌വേഗാസിൽ ഞങ്ങൾ കാലുകുത്തിയത്‌.
അമേരിക്കയിൽ ഏറ്റവും അധികം ചൂടുള്ള സ്ഥലമാണ്‌, മരുഭൂമിയുടെയും മലകളുടെയും നടുവിലുള്ള ഈ വൻനഗരം. ഞങ്ങൾ എത്തിയപ്പോൾ സന്ധ്യസമയത്തും 40 ഡിഗ്രിയ്ക്ക്മേൽ ചൂടിൽ ചുട്ടുപഴുത്തു കിടക്കുകയായിരുന്നു നഗരം.
ഇവിടത്തെ സമയം, ന്യൂയോർക്കിൽ നിന്നും വീണ്ടും മൂന്നു മണിക്കൂർകൂടി കുറവാണ്‌. വാച്ചിലെ സമയസൂചി പിന്നിലേയ്ക്ക്‌ തിരിച്ചുവച്ചു. ഇൻഡ്യൻസമയം കാണിക്കുന്ന ഒരു വാച്ചും കൈയ്യിൽ സൂക്ഷിച്ചിരുന്നു. അതെടുത്തുനോക്കിയപ്പോൾ, നാട്ടിൽ ഇപ്പോൾ രാവിലെ എട്ടുമണിയായിട്ടേയുള്ളു, ഇവിടെ രാത്രി 7.30
എയർപോർട്ട്‌ മുതൽ തന്നെ കസീനോ ആരംഭിക്കുന്നു. വിമാനത്താവളത്തിന്റെ അകത്തളത്തിൽത്തന്നെയുണ്ട്‌, നിരനിരയായി നിരവധി ഗാംബ്ലിങ്ങ്‌ മേഷീനുകൾ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നും അമേരിക്കയിലെ മറ്റു സ്റ്റേറ്റുകളിൽ നിന്നും, ആൾക്കാർ ചൂതുകളിക്കാൻ ഇവിടെ പറന്നെത്തുന്നു. എയർപോർട്ടിൽ ഇറങ്ങിയാൽ മുതൽ കളിച്ചുതുടങ്ങാം. രണ്ടുതരത്തിലാണ്‌ കസീനോ യന്ത്രങ്ങളുടെ പ്രവർത്തനം. ഒന്ന്‌, വിവിധതരം ഇലക്ട്രോണിക്‌ മേഷീനുകളിലൂടെ ഒരു ഓപ്പറേറ്ററുടെയും സഹായം കൂടാതെ, നാണയമോ കറൻസിയോ നിക്ഷേപിച്ച്‌ സ്വയം ഭാഗ്യം പരീക്ഷിക്കൽ. മറ്റൊന്ന്‌ ചീട്ടുകൾകൊണ്ടോ ഒരു ഓപ്പറേറ്ററാൽ പ്രവർത്തിപ്പിക്കുന്ന ചില കറങ്ങുന്ന ഡിസ്ക്കുകളുള്ള മേഷീനുകളിലൂടെയോ ഉള്ള ഭാഗ്യപരീക്ഷണം. ഇവിടെ, കമ്പനി നിയമിക്കുന്ന ഒരാളുടെ സേവനം ആവശ്യമാണ്‌. അയാൾക്കും അയാൾ പ്രവർത്തിപ്പിക്കുന്ന മേഷീനും ചുറ്റും നിരവധി ഭാഗ്യാന്വേഷികൾ വട്ടം ചുറ്റി നിന്ന്‌ വാതുവയ്ക്കുന്നു. ഇവിടെ പരീക്ഷിക്കുന്ന തുകകൾക്ക്‌ പരിധിയില്ല; ആയിരമോ പതിനായിരമോ ലക്ഷമോ ഒക്കെ ഡോളറുകൾ വാതുവയ്ക്കാം.
ഒരു മില്യൻ (10ലക്ഷം ഡോളർ- 450 ലക്ഷം രൂപ) ഡോളർ വരെ തമാശയ്ക്കെന്നപോലെ പരീക്ഷിക്കുന്ന, ചൂതുകളിഭ്രമമുള്ള, കോടീശ്വരന്മാർ സ്വന്തം വിമാനങ്ങളിൽ ലാസ്‌വേഗാസ്​‍്‌ എയർപോർട്ടിൽ വന്നിറങ്ങാറുണ്ടത്രെ.
പലരാജ്യങ്ങളും, ഇന്ത്യയടക്കം ഇത്തരം ഭാഗ്യാന്വേക്ഷണക്കളികൾ നിരോധിച്ചിട്ടുണ്ട്‌. ശരിയ്ക്കും ഇത്‌ ചൂതുകളിയുടെ പരിധിയിൽ വരുന്ന ഒരു അംഗീകൃത കബളിപ്പിക്കൽ തന്നെ. ഈ അനാശാസ്യ വ്യാപാരം എത്രയോ വ്യക്തികളെയും കുടുംബങ്ങളെയും അനാഥമാക്കുന്നു. ചൂതാട്ടക്കമ്പനിയ്ക്ക്‌ 80 ശതമാനം സാമ്പത്തികളാഭവും പങ്കെടുക്കുന്ന നിർഭാഗ്യവാന്മാർക്ക്‌ ശരാശരി 20 ശതമാനവും മാത്രമാണ്‌ സാധ്യത എന്നും ഗണിക്കപ്പെടുന്നു. അതിനാൽ ചൂതുകളിക്കമ്പനികൾ തഴച്ചുവളരുകയും കോടികൾ സമ്പാദിക്കുകയും ചെയ്യുന്നു. ചൂതുകളികളിൽ ഹരംമൂത്ത്‌ ആദ്യമാദ്യം ചെറിയ തുകകൾ വാതുവച്ച്‌, ഒടുവിൽ വൻതുകകൾ മുടക്കി, ഒക്കെയും നഷ്ടപ്പെട്ട്‌ ഒഴിഞ്ഞ കീശയുമായി മടങ്ങിപ്പോകുന്നവരും, സർവ്വവും നഷ്ടപ്പെട്ട്‌ ആത്മഹത്യയിൽ അഭയം തേടുന്നവരും കുറവല്ല.
ചൂതുകളിക്ക്‌ അതിപുരാതനമായ ഒരു ചരിത്രമുണ്ട്‌. പുരാണേതിഹാസങ്ങളിൽ ഇതിനെപ്പറ്റി പരാമർശിക്കുന്നുമുണ്ട്‌. ശത്രുവിനെ തോൽപ്പിച്ച്‌ തറപറ്റിക്കാനാണ്‌ ചൂതുകളിയെ കരുവാക്കിയിരുന്നത്‌. ദുര്യോധനന്റെ വെല്ലുവിളി സ്വീകരിച്ച്‌ ചൂതുകളിക്കൊരുങ്ങിയ ധർമ്മപുത്രർ, ഓരോ തവണയും തോൽപ്പിക്കപ്പെട്ട്‌ ഒടുവിൽ സ്വന്തം ഭാര്യയെപോലും പണയംവച്ച്‌ കളിച്ച്‌ പരാജയപ്പെട്ട്‌, സ്വപത്നിയെ മാത്രമല്ല രാജ്യംപോലും നഷ്ടപ്പെട്ട്‌, ഒരിഞ്ചുഭൂമിപോലും സ്വന്തമായില്ലാതെ വനവാസത്തിനു പോയ ഒരവസ്ഥയെപ്പറ്റി മഹാഭാരതത്തിൽ പറയുന്നുണ്ട്‌. നളന്‌, തന്റെ അനുജനായ പുഷ്കരനുമായുള്ള ചൂതുകളിയിൽ തോൽവി സംഭവിച്ചപ്പോൾ, സമാനമായി സ്വന്തം ഭാര്യയായ ദമയന്തിയെ നഷ്ടപ്പെട്ടതായും നാം പഴയ സാഹിത്യത്തിൽ വായിക്കുന്നു.
ഇവിടെയൊക്കെ, കള്ളച്ചൂതിലൂടെ പ്രതിയോഗിയെ തോൽപ്പിച്ച്‌ എല്ലാം കരസ്ഥമാക്കുന്നുവേന്നാണ്‌ സൂചിപ്പിക്കപ്പെട്ടിട്ടുള്ളത്‌. ഇപ്പോഴത്തെ കസീനോകളിലൂടെ ചൂതുകളികമ്പനികളും ഏകദേശം ചെയ്യുന്നതും ഇതൊക്കെത്തന്നെ. ഏതായാലും ചൂതുകളിയുടെ പിന്നിലെ അനാശാസ്യപ്രവണതയെ വെളിവാക്കാനായി ഭാവിലോകത്തിന്‌ ഒരു ഉപദേശമെന്ന നിലയിൽ പുരാണഗ്രന്ഥങ്ങളിലൂടെ നൽകപ്പെട്ട ചില ആലങ്കാരികപ്രയോഗങ്ങളോ കഥകളോ ആയി നമുക്കിതിനെ കാണാം. എല്ലാം നഷ്ടപ്പെടുത്തി- സ്വന്തം ഭാര്യയെപ്പോലും- ഈ പന്തയക്കളിയിൽ ഏർപ്പെടുക എന്നത്‌, ചൂതുകളിയുടെ പിന്നിലെ മന:ശ്ശാസ്ത്രത്തെയാണ്‌ സൂചിപ്പിക്കുന്നത്‌. ഇപ്പോഴത്തെ ചൂതുകളിക്കന്വനികളും ഏതാണ്ട്‌ ഇതൊക്കെത്തന്നെയല്ലേ ചെയ്യുന്നത്‌?
നാമിന്നു കാണുന്ന ഈ കസീനോകളിൽ പങ്കെടുക്കുന്നവർ സ്വയം കബളിപ്പിക്കപ്പെടുകയും, എല്ലാം നഷ്ടപ്പെടുകയുമാണ്‌ ചെയ്യുന്നതെന്നു പറഞ്ഞാൽ കളിഭ്രാന്തന്മാർ ഒരിക്കലുമത്‌ അംഗീകരിച്ചുതരുമെന്ന്‌ തോന്നുന്നില്ല.
ലാസ്‌വേഗാസ്‌ നഗരത്തിൽ മാത്രം ഒരു ലക്ഷത്തിഇരുപതിനായിരം ഗാംബ്ലിങ്ങ്‌ മേഷീനുകളുണ്ടത്രെ.
ഏഷ്യയിലെ ഏറ്റവും വലിയ 'CASINO' സന്ദർശിക്കാൻ ഒരിക്കലവസരമുണ്ടായി. അത്‌ മലേഷ്യയിലാണ്‌; തലസ്ഥാനമായ കുലാലംപൂരിൽ നിന്ന്‌ കുറച്ചകലെ 'ജെന്റിങ്ങ്‌ ഹൈലാന്റ്‌' എന്ന പേരിലറിയപ്പെടുന്ന ഒരു ഉയർന്ന പ്രദേശത്ത്‌. ഉയരത്തിൽ നമ്മുടെ ഊട്ടിപോലൊരു സ്ഥലം, എന്നാൽ ഒരു വൻനഗരത്തെ പോലും വെല്ലുംവിധം പടുകൂറ്റൻ ബഹുനിലമന്ദിരങ്ങളും നക്ഷത്രഹോട്ടലുകളും ഒക്കെയുണ്ടിവിടെ. സ്വന്തം നാട്ടിൽ ഗാംബ്ലിങ്ങ്‌ പാടേ നിരോധിച്ചിട്ടുള്ള ഇൻഡൊനേഷ്യ, സിങ്കപ്പൂർ തുടങ്ങിയ സമീപരാജ്യങ്ങളിൽ നിന്നുള്ളവർ ഇവിടെവന്ന്‌ കളിക്കുന്നു.
കുലാലംപൂരിൽ നിന്നും ജെന്റിങ്ങ്‌ ഹൈലാന്റിൽ വന്ന്‌, ഒരുദിവസം ഞങ്ങളവിടെ താമസിക്കുകയും ചെയ്തിരുന്നു. ഞങ്ങളുടെ ടൂർ മാനേജർ അന്നു പറഞ്ഞ കഥ ഇതാ.
ദിവസവും പതിനായിരക്കണക്കിന്‌ ആൾക്കാരാണ്‌ ജന്റിങ്ങിൽ ചൂതാട്ടത്തിനു വരുന്നത്‌. ആ ഭാഗ്യാന്വേക്ഷികളിൽ 80 ശതമാനം (ഞാൻ നേരത്തെ സൂചിപ്പിച്ച 80/20 ന്റെ കണക്ക്‌ ഇയാളിൽ നിന്നാണ്‌ കിട്ടിയത്‌) ആൾക്കാർ എല്ലാം നഷ്ടപ്പെട്ട്‌ മടങ്ങുന്നവരാണ്‌. സർവ്വവും കളിച്ചു തീർത്ത്‌ മടങ്ങുന്നവർക്ക്‌ ഇനിയും നേരിയ ഒരു പ്രതീക്ഷ അപ്പൊഴും ബാക്കി നിൽക്കുന്നുണ്ടാവും, ഒന്നുകൂടി കളിച്ചാൽ നഷ്ടപ്പെട്ട തുകയും, വലിയൊരു തുക ലാഭവും തിരികെകിട്ടുമെന്ന്‌. ഇതുതന്നെയാണ്‌ ചൂതുകളിയുടെ പിന്നിലെ മന:ശ്ശാസ്ത്രവും.
കൈയ്യിൽ ബാക്കിയൊന്നും തന്നെയില്ല, കഴുത്തിലെ സ്വർണ്ണച്ചെയിൻ വരെ വിറ്റു കളിച്ചുകഴിഞ്ഞു. വിഷണ്ണനായി,നിരാശ നിഴലിക്കുന്ന ഭാവവുമായി കസീനോ ഹാളിനു പുറത്തിറങ്ങി നിൽക്കുന്ന ഈ ഹതഭാഗ്യനെ സ്വാഗതം ചെയ്യുക, ചില ബ്ലെയ്ഡ്‌ കമ്പനികളുടെ പ്രതിനിധികളാണ്‌. അവർ ഈ ദുരന്തകഥാപാത്രത്തെ വീണ്ടും കൈകാര്യം ചെയ്യുന്നു.
" പോയതുപോയി സാരമില്ല. നഷ്ടപ്പെട്ടതു നമുക്ക്‌ തിരിച്ചുപിടിക്കണ്ടേ....?" പ്രലോഭനം നിറഞ്ഞ ചോദ്യം.
" എങ്ങിനെ......?" - ബ്ലെയ്ഡുകാരൻതന്നെ പരിഹാരവും നിർദ്ദേശിക്കുന്നു.
" കാറിലല്ലേ വന്നത്‌, ഞങ്ങളതു വിലയ്ക്കെടുക്കാം. അല്ലെങ്കിൽ അതു പണയമായെടുത്തിട്ട്‌ പലിശയ്ക്ക്‌ കുറെ പണം തരാം. താക്കോലിങ്ങു തന്നിട്ട്​‍്‌ പൈസ കൈയ്യോടെ കൊണ്ടുപോയി കളിച്ച്‌ നഷ്ടപ്പെട്ടതെല്ലാം തിരികെ നേടി വരൂ..... എന്നിട്ട്‌ കാറുമായി മടങ്ങാം........."
കളിക്കാരന്റെ മുഖത്ത്‌ പ്രതീക്ഷയുടെ തിളക്കം. ഇനിയും ഉള്ളിൽ ഭാഗ്യപരീക്ഷണചിന്ത അസ്തമിച്ചിട്ടില്ലാത്ത ആ നിർഭാഗ്യവാൻ കാറിന്റെ ചാവി ഏൽപ്പിച്ച്‌, യഥാർത്ഥവിലയിൽ എത്രയോ താഴ്‌ന്ന ഒരു തുകയ്ക്ക്‌ ബ്ലേഡുകാരന്‌ കാർ നൽകി, കാർ വിറ്റുവേന്നതിന്റെ രേഖകളും ഒപ്പിട്ടു കൊടുത്ത,​‍്‌ കിട്ടിയ അൽപ്പം ഡോളറുമായി വീണ്ടും കസീനോയുടെ അകത്തളത്തിലേയ്ക്ക്‌.
വെറുംകൈയ്യോടെ വീണ്ടും അയാൾ മടങ്ങിവരുമ്പോൾ സ്വന്തം കാർപോലും നഷ്ടപ്പെട്ട മാനസ്സികവ്യഥ അയാളെ കാർന്നു തിന്നുന്നുണ്ടാവും. തിരികെപോകാൻ വണ്ടിക്കൂലിയ്ക്ക്‌ പോലും പൈസയുണ്ടാവില്ല.
ഒരുനിമിഷം നിർത്തി, മലേഷ്യൻ ടൂർ മാനേജർ ഇത്രകൂടി കൂട്ടിച്ചേർത്തു,
"ഈ ജന്റിങ്ങ്‌ ഹൈലാന്റിൽ ചൂതാട്ടത്തിന്‌ വരുന്നവരിൽ ശരാശരി 5 പേർ എങ്കിലും ദിവസവും ആത്മഹത്യയെ അഭയം തേടുന്നു."
മലേഷ്യ ഒരു മുസ്ലിം രാഷ്ട്രമാണ്‌. ഇസ്ലാംമതം ചൂതുകളി വിലക്കിയിട്ടുണ്ട്‌. പിന്നെയെങ്ങിനെയിത്‌ ഇവിടെ പ്രവർത്തിക്കുന്നു.
മലേഷ്യയിലെ ഈ ചൂതാട്ടകേന്ദ്രത്തിന്റെ ഉടമ ഒരു ചൈനക്കാരൻ കോടീശ്വരനാണ്‌. പണ്ടെന്നോ ഒരു മലേഷ്യൻ ഭരണാധികാരിയിൽ നിന്ന്‌ ഈ പ്രദേശം 99 വർഷത്തേയ്ക്ക്‌ അയാൾ പാട്ടത്തിനു വാങ്ങി, തന്റെയീ ബിസിനസ്സ്‌ സാമ്രാജ്യം ആരംഭിച്ചു. പാട്ടത്തിനു വാങ്ങിയ ചീനന്റെ മകനോ, ചെറുമകനോ ആണത്രേ പുതിയ സാരഥി. 99 വർഷത്തേയ്ക്ക്‌ ഉടമ്പടി ചെയ്തുപോയതിനാൽ പുതിയ മലേഷ്യൻ ഭരണാധികാരികൾക്ക്‌ കാലാവധി തികയുംവരെ കാത്തിരിക്കാനേ നിർവാഹമുള്ളു. നമ്മുടെ നാട്ടിലെ പോലെ കോവളം കൊട്ടാരം വിലയ്ക്കുകൊടുത്തു കാശുവാങ്ങി മടിയിൽ വച്ചിട്ട്‌, പിന്നീട്‌ സമരം ചെയ്ത്‌ തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന മാതിരിയൊന്നും ചെയ്യാൻ മലേഷ്യൻ ഭരണാധികാരികൾ ശ്രമിച്ചില്ല.
ഈ പാട്ടത്തിന്റെ 99 വർഷത്തെ കാലാവധി തീരാൻ പോകുന്നു. അതു കഴിയുമ്പോൾ തന്റെയീ കസീനോ, അന്തർദ്ദേശീയ നിയമത്തിന്റെ പരിധിയിലൊന്നും പെടാത്ത ഒരു സ്ഥലത്തേയ്ക്ക്‌ മാറ്റാൻ ഇപ്പോഴേ ചീനക്കാരൻ ശ്രമം തുടങ്ങിക്കഴിഞ്ഞു. ആ സ്ഥലം കരയല്ല, കടലാണ്‌. എവിടെയും കടലിൽ തങ്ങളുടെ അധീശമേഖലയിൽനിന്നും ഒരു നിശ്ചിത ദൂരം വരെയേ ഓരോ രാജ്യത്തിനും സ്വന്തം അധികാരപരിധിയുടെ അവകാശമുള്ളൂ. അതുകഴിഞ്ഞാൽ പിന്നെ അന്തർദ്ദേശീയമായി എല്ലാ രാജ്യങ്ങൾക്കും അവകാശപ്പെട്ട സമുദ്രാന്തർഭാഗമാണ്‌. ഒരു രാജ്യത്തിന്റെയും പ്രത്യേക നിയമങ്ങൾ ഈ സ്വതന്ത്ര കടൽഭാഗത്തിനു ബാധകമല്ല. ഇത്‌ ഒരു അന്തർദ്ദേശീയ നിയമമാണ്‌. അതുകൊണ്ടാണ്‌, വിദേശകപ്പലുകൾ യഥേഷ്ടം നമ്മുടെ രാജ്യത്തിന്‌ അടുത്ത കടൽഭാഗത്തുകൂടി സഞ്ചരിക്കുന്നത്‌.
അങ്ങിനെ നമ്മുടെ ചീനക്കാരൻ ചൂതാട്ടരാജാവ്‌ കുറേ യാത്രാക്കപ്പലുകൾ വിലയ്ക്കുവാങ്ങി ഇപ്പോൾതന്നെ മലേഷ്യ- സിങ്കപ്പൂർ റൂട്ടിൽ സർവ്വീസ്‌ നടത്തുന്നു. ഇവയാകട്ടെ ചൂതുകളിയ്ക്ക്‌ അങ്ങേയറ്റം സൗകര്യമുള്ള ആഡംബരക്കപ്പലുകളാണ്‌. സിങ്കപ്പൂർ അല്ലെങ്കിൽ മലേഷ്യ തുറമുഖം വിട്ടാൽ കപ്പലിലെ കസീനോ സെക്ഷൻ സജീവമാകുന്നു. കീശനിറയെ ഡോളറുമായി ചൂതുകളി ഭ്രാന്തന്മാർ കപ്പലിൽ ടിക്കറ്റെടുത്തുകയറും. രണ്ടോ മൂന്നോ ദിവസം കടലിലൂടെ ഒഴുകിനടന്ന്‌ വിവിധ തുറമുഖങ്ങൾ സന്ദർശിച്ചു​‍്‌ യാത്ര ആരംഭിച്ച പോർട്ടിൽ തന്നെ തിരികെ എത്തുമ്പോൾ കളിക്കാൻ കയറിയവരിൽ 80 ശതമാനം പേരും കാലിയായ പോക്കറ്റുമായി കരയ്ക്കിറങ്ങും.
ചീനക്കാരന്റെ പുതിയ പരിപാടി, 99 വർഷം തികഞ്ഞാൽ ജെന്റിങ്ങ്‌ ഹൈലാന്റിലെ തന്റെ ബിസിനസ്സ്‌ സമ്രാജ്യം അടച്ചുപൂട്ടി, മുഴുവൻ പരിവാരങ്ങളുമായി കപ്പലുകളിൽ ചേക്കേറാനാണത്രെ.ഇവിടെയും ജയിക്കുന്നത്‌ ചീനക്കാരൻ മുതലാളിയും തോൽക്കുന്നത്‌ ചൂതുകളി ഭ്രാന്തന്മാരുമാണ്‌
ലാസ്‌വേഗാസ്‌ എയർപോർട്ടിനു പുറത്ത്‌ ഞങ്ങൾക്ക്‌ കയറാനുള്ള ഇ.സി. കോച്ച്‌ കാത്തുകിടപ്പുണ്ടായിരുന്നു. സന്ധ്യസമയം. ഞങ്ങൾ തിരക്കിട്ടു ബസ്സിൽകയറി. പുറത്തെചൂട്‌ അസ്സഹനീയം. അരമണിക്കൂർ വഴിദൂരമുണ്ട്‌ നഗരത്തിലേയ്ക്ക്‌. നഗരഹ്യദയത്തിലുള്ള ലാസ്‌വേഗാസ്‌ ഹിൽറ്റൺ ഹോട്ടലിലേയ്ക്കാണ്‌ പോകുന്നത്‌. ലോകത്ത്‌ എല്ലാ രാജ്യങ്ങളിലും ഹോട്ടൽ ശൃംഖല ഉള്ള ഒന്നാണ്‌ ഹിൽറ്റൺ ഗ്രൂപ്പ്‌.
വളരെ വലിയ നഗരമാണ്‌ ലാസ്‌വേഗാസ്‌. അമേരിക്കയിൽ, വൈദ്യുത-നിയോൺ-അലങ്കാരവിളക്കുകൾ കൊണ്ട്‌ സംയദ്ധമായി അലങ്കരിച്ചിട്ടുള്ള ഏകനഗരമാണിത്‌. ബസ്സ്‌ സഞ്ചരിക്കുമ്പോൾ ഇരുവശവുമുള്ള കൂറ്റൻകെട്ടിടങ്ങളുടെ മുമ്പിലും മുകളിലുമായി ഉറപ്പിച്ചിരിക്കുന്ന നിയോൺ വിളക്കുകളുടെ വർണ്ണപ്രഭ?നമ്മെ വിസ്മയിപ്പിക്കും.രാത്രിയുടെ ഇരുൾ ലാസ്‌വേഗാസിൽ നിന്നും ഒളിവിൽ പോയിരിക്കുന്നുവേന്നു തോന്നും, അത്രമാത്രം ദീപപ്രഭയിൽ തിളങ്ങി നിൽക്കുന്നുണ്ടാവും നഗരം.
"ആദ്യം ഡിന്നർ അതുകഴിഞ്ഞ്‌ താമസിക്കുന്ന ഹോട്ടലിലേയ്ക്ക്‌". ടൂർ മാനേജർ പറഞ്ഞത്‌ എല്ലാവർക്കും ആശ്വാസകരമായി. ഹോട്ടൽ താജ്മഹലിൽ ആണ്‌ അന്നത്തെ രാത്രിഭക്ഷണമെന്നും അദ്ദേഹം അറിയിച്ചു. നീണ്ട ആറുമണിക്കൂർ യു.എസ്സ്‌. എയർലൈൻസിൽ സഞ്ചരിച്ചിട്ടും ഭക്ഷണം ഒന്നും കിട്ടാത്തതിനാൽ എല്ലാവർക്കും നന്നേ വിശപ്പുമുണ്ട്‌.
പക്ഷേ നിർഭാഗ്യം, നഗരം അസാധാരണമായ ഗതാഗതക്കുരുക്കിലകപ്പെട്ടിരിക്കുന്നു. ബസ്സ്‌ ഇഴഞ്ഞിഴഞ്ഞാണു നീങ്ങുന്നത്‌. ചിലദിവസങ്ങളിൽ ഇങ്ങിനെയാണത്രേ. കത്തിക്കാളുന്ന വിശപ്പുണ്ടെങ്കിലും ഞങ്ങൾക്കൊക്കെ വീണുകിട്ടിയ ഒരവസരമായിരുന്നു, നഗരത്തിലെ ദീപപ്രഭ ബസ്സിലിരുന്ന്‌ സാവധാനം, വളരെ സാവധാനം, കണ്ടു നീങ്ങുക എന്നത്‌.
എട്ടരമണിയ്ക്ക്‌ എയർപോർട്ടിൽ നിന്നും പുറപ്പെട്ട ഞങ്ങൾ അരമണിക്കൂർ മാത്രം വഴിദൂരമുള്ള റസ്റ്ററന്റിൽ എത്തിയത്‌ 10.30 മണിയ്ക്കാണ്‌. ഈ നഗരത്തിൽ ഇത്തരം അവസരങ്ങളിൽ, ആരെയെങ്കിലും അടിയന്തിരമായി ആശുപത്രിയിലെത്തിക്കേണ്ടിവന്നാൽ എന്തുമാർഗ്ഗം സ്വീകരി
ക്കുമോ ആവോ.
ഇതുപോലെയുള്ള യാത്രാക്കുരുക്ക്‌ പാശ്ചാത്യരാജ്യങ്ങളിൽ ഞാൻ ആദ്യമായി അനുഭവിക്കുകയാണ്‌. ഏഷ്യൻ രാജ്യങ്ങളിൽ ഏറ്റവും വലിയ ഗതാഗതത്തടസ്സം ഉള്ള രണ്ടു നഗരങ്ങളാണുള്ളത്‌, ഒന്ന്‌ നമ്മുടെ കൊൽക്കത്ത, അടുത്തത്‌ തായ്‌ലന്റിന്റെ തലസ്ഥാനമായ ബാങ്കോക്ക്‌. ബാങ്കോക്കിൽ ടൂറിസ്റ്റുകളെയുംകൊണ്ട്‌ ഹോട്ടലിൽ നിന്നും എയർപോർട്ടിലേയ്ക്ക്‌ പോകുന്ന വാഹനങ്ങൾ എത്തിച്ചേരാൻ പ്രതീക്ഷിക്കുന്ന സമയത്തിന്‌ 4 മണിക്കൂർ മുമ്പെങ്കിലും പുറപ്പെടാറാണ്‌ പതിവ്‌. ഇല്ലെങ്കിൽ റോഡിലൂടെ ഇഴഞ്ഞിഴഞ്ഞു നീങ്ങി അങ്ങെത്തുമ്പോഴേയ്ക്ക്‌ വിമാനം അതിന്റെ പാട്ടിന്‌ പൊയ്ക്കഴിഞ്ഞിരിക്കും. താജ്മഹൽ ഹോട്ടലിനുമുമ്പിൽ ബസ്സെത്തി. ബസ്സിനു പുറത്തിറങ്ങിയ ഞങ്ങളെല്ലാവരും റസ്റ്ററന്റിലേയ്ക്ക്‌ ഓടിക്കയറുകയായിരുന്നു. വിശപ്പിന്റെ ആധിക്യം കൊണ്ടുമാത്രമല്ല, പുറത്തെ ചൂട്‌ സഹിക്കാനാവത്തതിനാൽ. രാത്രിസമയമായിട്ടും ഒരു ചൂളയ്ക്കരികിലെത്തിയ പ്രതീതി.
തണുപ്പുള്ള, വിശാലമായ ഡൈനിങ്ങ്‌ ഹാളിൽ ആശ്വാസത്തോടെ ഞങ്ങളിരുന്നു.
ഇതുവരെ, കഴിഞ്ഞ പത്തു ദിവസം കഴിച്ച രാത്രിഭക്ഷണങ്ങളെക്കാളൊക്കെ വളരെ മെച്ചപ്പെട്ട ഒരു ഡിന്നറായിരുന്നു താജ്മഹലിൽ വിളമ്പിയത്‌. നല്ലവിശപ്പുണ്ടെങ്കിൽ രുചിയും കൂടും എന്ന തത്വമുണ്ടെങ്കിലും ഇതിന്റെ ഉടമസ്ഥനായ സർദാർജി ഒപ്പംനിന്ന്‌ സ്നേഹപൂർവ്വം വിളമ്പിത്തന്ന അത്താഴത്തിലെ ഒരു വിഭവം മറക്കാനാവില്ല. തന്തൂരി ചിക്കണായിരുന്നു അത്‌. ഇത്ര രുചികരമായ തന്തൂരി ചിക്കൻ ഞാൻ മുമ്പ്‌ എപ്പോഴെങ്കിലും കഴിച്ചിട്ടുണ്ടെങ്കിൽ അത്‌ ഡെൽഹിയിൽ പോകുമ്പോഴൊക്കെ ഓൾഡ്‌ ഡെൽഹിയിലെ ജൂമാമസ്ജിദിനടുത്തുള്ള കരീം ഹോട്ടലിൽ നിന്നുമാത്രമാണ്‌. ന്യൂഡെൽഹിയിൽ ഞാൻ താമസിക്കാറുള്ള ഹോട്ടലിൽ നിന്നും ടാക്സിപിടിച്ചാണ്‌ പലപ്പോഴും മുഗൾ ചക്രവർത്തിമാരുടെ അരമനയിലെ പാചകവിദഗ്ധരുടെ പിൻഗാമികളെന്ന്‌ അവകാശപ്പെടുന്ന ഇക്കൂട്ടരുടെ റസ്റ്ററന്റിൽ എത്താറുണ്ടായിരുന്നത്‌.
സർദാർജിയോടു 'ശുക്രിയ' പറഞ്ഞ്‌ ഞങ്ങൾ ഹോട്ടലിലേയ്ക്ക്‌ പോയി. ഹിൽറ്റൺ വളരെ വലിയ ഹോട്ടലാണ്‌.
ഈ ഹോട്ടലിന്റെ രൂപപരമായ വലിപ്പത്തെപ്പറ്റി ചെറുതായി ഇങ്ങനെ വിശദീകരിക്കാം. ഹോട്ടലിന്റെ പ്രവേശനകവാടം വഴി ഇതിന്റെ ഇടനാഴി താണ്ടി, ഏറ്റവും ഉള്ളിലെ റസ്റ്ററന്റും വളരെ വിശാലമായ കസീനോ ഏരിയയും വരെ പോകാൻ വളരെ ദൂരം നടക്കണം, അരക്കിലോമീറ്ററെങ്കിലും. ദൈർഘ്യമേറിയ ഈ കോറിഡോറിന്റെ ഇരുവശങ്ങളിലുമായി നിരവധി ഷോപ്പിങ്ങ്‌ സെന്ററുകളും, സുവനീർ ഷോപ്പുകളും, വളരെ വിലയേറിയ ഉടയാടകൾ വിൽക്കുന്ന ഗാര്‍മന്റ്‌ വിൽപ്പന സ്ഥാപനങ്ങളും, ജൂവലറി ഷോപ്പുകളുമൊക്കെയുണ്ട്‌. ഇവയൊക്കെ ഹോട്ടൽകാരുടെ വകയുമാണ്‌. ഈ ഇടനാഴികൾക്ക്‌ മേലേ നിരവധി ഫ്ലോറുകളുള്ള ഹോട്ടൽ കെട്ടിടമാണ്‌. ഈ ഷോപ്പുകൾക്കിടയിൽ ഇടനാഴിയിൽ ഇടയ്ക്കിടെ വഴിതിരിയുന്ന ചില ജംഗ്ഷനുകളുണ്ട്‌. അങ്ങനെ വഴിതിരിയുന്ന ഭാഗങ്ങളിലാൺ​‍്‌ ലിഫ്റ്റുകൾ പ്രവർത്തിക്കുന്നത്‌. ഈ അസംഖ്യം ലിഫ്റ്റുകളിൽ നമ്മുടെ നമ്പർ നോക്കി കയറിയില്ലെങ്കിൽ മറ്റേതെങ്കിലും ഭാഗത്താവും നാമെത്തിച്ചേരുക.
വളരെ വിചിത്രതരമായി തോന്നിയത്‌, ഇവിടെ താമസിക്കുന്നവരിൽ വല്ലാത്ത തടിയുള്ള ചിലർ (അതോ, ഇവർ ഭാഗ്യം പരീക്ഷിക്കാൻ കസീനോയിൽ എത്തിയവരോ) ഹോട്ടലുകാരുടെ അനുവാദത്തോടെയാവാം, ബാറ്ററി കൊണ്ടു പ്രവർത്തിക്കുന്ന ചെറിയ നാലുചക്രവാഹനങ്ങളിൽ ഒരു കളിക്കാറോടിക്കുന്ന ലാഘവത്തോടെ കോറിഡോറിലൂടെ മെല്ലെ നീങ്ങുന്നു. കൊതുകു മൂളുമ്പോഴുള്ളമാതിരി, വളരെ നേർത്തശബ്ദമുള്ള ഒരു ഹോണും ഈ കൊച്ചുവാഹനങ്ങൾക്കുണ്ട്‌. തങ്ങളുടെ പൊണ്ണത്തടിയുംവച്ച്‌ കാൽനടയായി ഇത്രദൂരമുള്ള കോറിഡോറിന്റെ നീളമത്രയും തരണം ചെയ്യാൻ അവർക്ക്‌ വിഷമമായിരിക്കാം.
ദീർഘമായ വിമാനയാത്രയുടെയും സർദാർജിയുടെ റസ്റ്ററന്റിൽ നിന്നും വൈകിക്കഴിച്ച ഡിന്നറിന്റെയും ക്ഷീണം കൊണ്ട്‌, കിടന്നപ്പോൾ പെട്ടെന്നുറങ്ങിപ്പോയി.