
പത്രത്തിന്റെ തലക്കെട്ട്-ചന്ദ്രയാൻ-ദൗത്യം വിജയിച്ചു. മകൻ പത്രവുമായി അച്ഛന്റെ അടുത്തേക്കോടി. അഞ്ചാം ക്ലാസ്സിൽ പഠിക്കുന്ന മകന് സംശയം. യാൻ അറിയാം-യാത്ര. പക്ഷേ ഈ ചന്ദ്രനെന്താണ്. അതാണ് കുഴക്കുന്നത്. ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളിലൊന്നും അവൻ കേട്ടിട്ടേയില്ല ചന്ദ്രനെന്ന്.
അച്ഛൻ ചിരിച്ചു. 'മോന് മനസ്സിലായില്ലേ?' ഇല്ലെന്ന് തലയാട്ടി.
'അത് മൂൺയാൻ' ആണ്. ഇപ്പോ മനസ്സിലായോ.
ഇപ്പോ മനസ്സിലായി. അവന് സന്തോഷമായി.
മൂണിനെ അവന് ചെറുപ്പത്തിലെ പരിചയമാണ്. ഒക്കത്തെടുക്കുന്ന പ്രായത്തിൽ അമ്പിളിമാമ്മനെ കൈയെത്തിപിടിക്കുന്ന പ്രായത്തിൽ അച്ഛനും അമ്മയും ചന്ദ്രൻ തിളങ്ങി നിൽക്കുന്ന ആകാശത്തേക്കുനോക്കി അവനെ പഠിപ്പിച്ചതു. അത് മൂൺ-മൂൺ എന്നാണ്. പകൽ സൺ രാത്രി മൂൺ. ചന്ദ്രനും സൂര്യനും അവന് അന്യരാണ്. അവന്റെ സ്കൂളിൽ ഇംഗ്ലീഷിലേ സംസാരിക്കാൻ പാടുള്ളു. അതാണ് നിയമം. തെറ്റിയാൽ ഫൈനിടും. ഒരു മലയാളം വാക്കു വീണുപോയാൽ നൂറുരൂപ ഫൈനടക്കണം. എല്ലാവരുടേയും മുമ്പിൽ മഹാപരാധിയെപ്പോലെ തലകുനിച്ച് നിൽക്കുകയും വേണം. മലയാളനാട്ടിൽ മലയാളിയുടെ മാതൃഭാഷാ പ്രേമത്തിന് ഇതിലും വലിയൊരു തെളിവ് ആവശ്യമുണ്ടോ?
വീട്ടിലും ഇംഗ്ലീഷേ സംസാരിക്കാൻ പാടുള്ളു. അച്ഛനും അമ്മയും ചേച്ചിയും ഇംഗ്ലീഷാണ് സംസാരിക്കുന്നത്. വേലക്കാരി സംസാരിക്കുന്ന മലയാളത്തോട് എല്ലാവർക്കും പുച്ഛമാണ്!
അവന്റെ ചേച്ചി അനുവും വളർന്നത് അതേ രീതിയിലാണ്. അവളിപ്പോൾ പ്ലസ്ടൂവിൽ എത്തി നിൽക്കുന്നു. അവൾ സ്കൂളിൽ യൂറോപ്പിന്റേയും അമേരിക്കയുടേയും ചരിത്രമേ പഠിച്ചിട്ടുള്ളു. ഇന്ത്യയുടെ ചരിത്രം നാമമാത്രവും. ടി.വിയിൽ പഴശ്ശിരാജയുടെ വമ്പൻ പരസ്യങ്ങൾ കണ്ടപ്പോൾ അവൾ ചോദിച്ചു. 'ആരാണ് ഈ പഴശ്ശിരാജ? അവൾ ഇംഗ്ലീഷിലാണ് ചോദിച്ചതു.
അവളുടെ അച്ഛൻ പറഞ്ഞുകൊടുത്തു. പണ്ട് മാവേലിയെപ്പോലെ കേരളംഭരിച്ചിരുന്ന ഒരു ചക്രവർത്തി. അവൾക്ക് തൃപ്തിയായി; അച്ഛന് സന്തോഷവും.
മാവേലിയുടെ കഥ അറിയാമായിരുന്നതുകൊണ്ട് അതുപോലെ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തപ്പെട്ട് കൊല്ലത്തിലൊരിക്കൽ നാടുകാണാൻ വരുന്നു മറ്റൊരു മാവേലിയായി പഴശ്ശിരാജ അവളുടെ മനസ്സിൽ നിറഞ്ഞു.
നമ്മുടെ ഭാഷാസ്നേഹത്തിന്റേയും പാരമ്പര്യ സംരക്ഷണത്തിന്റെയും പോക്ക് എങ്ങോട്ടാണ്? കുഞ്ഞുണ്ണിമാഷ് പാടിയപോലെ ഭാര്യയുടെ പേര് ഇംഗ്ലീഷിലാക്കാനാണ് എല്ലാവർക്കും മോഹം. എങ്കിൽ ജനിക്കുമ്പോൾ മുതൽ ഇംഗ്ലീഷ് കേട്ട് വളരുമല്ലോ. ഇവിടത്തെ നശിച്ച മലയാളം ആർക്കുവേണം? പിന്നെ കുട്ടികളിലെങ്ങനെ മാതൃഭാഷാസ്നേഹം ജനിക്കും? മാതൃഭാഷയുടെ മാഹാത്മ്യം അവരെങ്ങനെ അറിയും?
കുട്ടിയുടെ ആദ്യത്തെ വിദ്യാലയം വീടാണല്ലോ. ആ വീട്ടിൽ നിന്നു വേണം മാതൃഭാഷയുടെ ബാലപാഠങ്ങൾ പഠിക്കാൻ. അവിടെയും വിദേശഭാഷയുടെ ആധിപത്യമാണ്. മലയാളം പറഞ്ഞുപോയാൽ ഫൈനില്ല എന്നൊരു ആശ്വാസം മാത്രമുണ്ട്. മലയാളം പറയുന്നതും കേൾക്കുന്നതുമൊക്കെ പുച്ഛത്തോടെ വീക്ഷിക്കുന്ന ഒരു തലമുറയെ മലയാള നാട്ടിൽ നാം വളർത്തിയെടുക്കുന്നുണ്ട്. സമ്പത്തും പദവിയും നേടാൻ വേണ്ടി വിദേശജോലികൾക്ക് മക്കളെ പ്രാപ്തരാക്കുകയാണ് എല്ലാവരുടേയും ലക്ഷ്യം. അതിന് മലയാള ഭാഷയെ അവഹേളിക്കാനും നമുക്കൊരു മടിയുമില്ല. അവഗണിക്കാൻ ഒരു പ്രയാസവുമില്ല. കേരളത്തിലെ റോഡുകളിൽ കൂടി സഞ്ചരിച്ചാൻ സായ്പിന്റെ നാട്ടിലെത്തിയ പ്രതീതിയാണ്. ഒരൊറ്റ ട്രാഫിക് സിഗ്നൽ ബോർഡുപോലും മലയാളത്തിലില്ല വിവരമില്ലാത്തവരെന്നു നാം വിശേഷിപ്പിക്കുന്ന തമിഴ് ജനതയെ കണ്ട് പഠിക്കണം! അവിടെ എല്ലാ ബോർഡുകളും അവരുടെ മാതൃഭാഷയായ തമിഴിലാണ്!! തമിഴ് കഴിഞ്ഞിട്ടേ അവിടെ ഇംഗ്ലീഷിനു സ്ഥാനമുള്ളു!!!