Tuesday, May 26, 2009

ഒരു പൂവ്‌ വിരിയുന്നു- ബൃന്ദ


ഇപ്പോള്‍
പ്രണയം
ഒരു മെയ്‌ ഫ്ളവര്‍ മരച്ചുവട്ടില്‍..

എന്‍റെ ചാരത്ത്‌
മുടിയിഴകള്‍ക്ക്‌ മീതെ
അവന്‍റെ കരതലം.

ഹൃദയത്തില്‍ ചൂടേറ്റം .
അതിനാല്‍ ഈ മരങ്ങള്‍
നേരത്തെ പൂവിടുന്നു.

കാലം തെറ്റി പൂക്കുന്ന
മരങ്ങള്‍
കാലം തെറ്റി വിടരുന്ന പ്രണയം.

പ്രണയത്തിന്‌ കാലം
തെറ്റാറുണ്ടോ?

ഞാന്‍ എന്‍റെ പ്രണയികളെയോര്‍ത്തു.
അവന്‍ തന്‍റെ കാമിനികളെയും .

എന്നിട്ടും
ഞാന്‍ അവന്‍റെ വെളുത്ത മുടിയിഴകളില്‍ ...

അവന്‍
എന്‍റെ ചുവന്ന ചായം പുരട്ടിയ
നീളന്‍ നഖങ്ങളില്‍ ..

'നാം ഒരമ്പിനാല്‍ മൂര്‍ച്ചകൂട്ട്യോര്‍'
അവന്‍ പറഞ്ഞു.

പ്രണയത്താല്‍ അനാഥനാക്കപ്പെടും മുമ്പ്‌
എന്നെ തൊട്ട്‌
എന്തെങ്കിലും പറയൂ.

അവന്‍റെ കണ്ണില്‍ ചെമ്പകപ്പൂക്കള്‍ .

ഒരു കൊടുങ്കാറ്റ്‌ വന്നു പോകുന്നത്‌
എന്തിനുവേണ്ടി എന്ന്
എനിക്കറിയില്ല.
ഓരോ പ്രണയവും
ഏകാന്തതയുടെ
വന്യമയ നിലവിളികളാണ്‌.

നീ തന്നെ ഒരു കവിതയാണ്‌.
നിന്‍റെ നിതാന്ത സഞ്ചാരം.
കാടുകള്‍
തേടിയുള്ള യാത്ര.
വെള്ളച്ചാട്ടങ്ങളുടെ ജൈവത
പരിണാമങ്ങളുടെ രസഗന്ധി .

നീ ഒരു പുസ്തകമാണ്‌.
അതിനാല്‍
നിന്നെ എഴുതാന്‍
ഏറെ എളുപ്പം.

നാം ഇപ്പോള്‍
ഇരുണ്ട വാതിലുകള്‍ തുറന്ന്
നരകത്തിലേക്ക്‌ ചാടുന്നു.

ഖനികളുടെ ആഴങ്ങളില്‍ നിന്ന്
തിരുവെഴുത്തുകള്‍
കണ്ടെടുക്കുന്നു.
കുപ്പിച്ചില്ലുകള്‍ കൊണ്ട്‌
പാദം മുറിഞ്ഞൊഴുകിയിട്ടും
ഉപ്പുപാറകള്‍ക്ക്‌ മീതെ നടക്കുന്നു.

ഹിമപാതങ്ങളില്‍
തിമിര്‍ക്കുന്നു.
എല്ലാ ഋതുക്കളും
നമ്മിലുണരുന്നു.
ഇപ്പോള്‍
കാലം തെറ്റി വിടര്‍ന്ന പൂക്കള്‍ക്കും
എന്‍റെ നഖമുനയ്ക്കും ഒരേ നിറം.

പുഷ്പ വൃഷ്ടി പതിഞ്ഞ
അവന്‍റെ നരച്ച കുപ്പായത്തില്‍ നിന്നും
ചോരയിറ്റുന്ന ബാണം
എന്‍റെ നെഞ്ചകത്തേക്ക്‌ ..

BACK